road

പോരുവഴി: ഇടയ്ക്കാട് തെക്ക് ചെറുത്താഴം - കാഞ്ഞിരകുറ്റിവിള റോഡ് കുഴികൾ കാരണം വർഷങ്ങളായി കാൽ നട പോലും അസാദ്ധ്യമായ അവസ്ഥയിലാണ്. ബൈക്ക് യാത്രക്കാർ നിരന്തരം അപകടത്തിൽപ്പെടുന്നു. കൂടാതെ ഈ റോഡിൽ അമ്പതു വർഷം പഴക്കമുള്ള ഒരു പാലം കമ്പികൾ തെളിഞ്ഞ് തകർന്നു വീഴാറായി നിൽപ്പുണ്ട്.

ഇതിന് പരിഹാരം കാണുന്നതിന് നിരന്തരം പഞ്ചായത്തിനെയും എം.എൽ.എയും സമീപിക്കുകയും കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രമഫലമായി കോവൂർ കുഞ്ഞുമോൻ ഫണ്ട് അനുവദിക്കുകയും പടിഞ്ഞാറെ കല്ലടയിലെ ഒരു കരാറുകാരൻ ടെണ്ടർ എടുക്കുകയും ചെയ്തു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും റോഡിന്റെ പണി തുടങ്ങിയില്ല. ഇതിൽ പ്രതിഷേധിച്ച് കരാറുകാരനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. രണ്ടു മാസം മുമ്പ് സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണയും നടത്തിയിരുന്നു. കൂടാതെ കോൺട്രാക്ടറെ നാട്ടുകാർ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും പല പ്രാവശ്യം വീട്ടിലെത്തി ചർച്ച നടത്തുകയും ചെയ്തു. അവസാന ചർച്ചയിൽ ഫെബ്രുവരി 5 ന് പണി തുടങ്ങാം എന്ന് സമ്മതിച്ചു. എന്നാൽ, അന്നേദിവസം പണി തുടങ്ങിയില്ല എന്നു മാത്രമല്ല, ചില രേഖകൾ കൂടി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് എം.എൽ.എയിൽ നിന്ന് മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനീഷ് അതു വാങ്ങിനൽകിയെങ്കിലും ജോലി തുടങ്ങാനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. കരാറുകാരന്റെ നിരുത്തരവാദിത്വപരമായ ഈ നടപടിയിൽ

പ്രതിഷേധിച്ച് അയാളുടെ വീട്ടിലേക്കും, ഒരു നടപടിയുമെടുക്കാത്ത പഞ്ചായത്തിനെതിരെ ഓഫീസിലേക്കും മാർച്ചും ധർണയും നടത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

നാട്ടുകാർക്ക് സഞ്ചരിക്കാൻ പറ്റാത്ത വിധത്തിൽ വർഷങ്ങളായി പൊളിഞ്ഞു കിടക്കുകയാണ്. നിരന്തരം അധികാരികൾക്ക് നിവേദനം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷം മുമ്പ് എം.എൽ.എ ഫണ്ട് അനുവദിച്ചത്. എന്നാൽ, ഇതുവരെയും പണി തുടങ്ങിയിട്ടില്ല.

എൻ.പുഷ്പലത, സോമമംഗലം, ഇടയ്ക്കാട് തെക്ക്, പ്രദേശവാസി.

നിരന്തര പ്രയത്നത്തിന് ശേഷമാണ് എം.എൽ.എ ഫണ്ട് അനുവദിച്ചത്. എന്നാൽ കരാറുകാരൻ ഇനിയും പണി തുങ്ങിയിട്ടില്ല. ഇനി പ്രക്ഷോഭമല്ലാതെ മറ്റുവഴിയില്ല.

ബി.ബിനീഷ്, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്