t
t

കൊല്ലം: സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ ഇന്നലെ രാത്രി 11 വരെയുള്ള കണക്ക് പ്രകാരം പദ്ധതി നിർവഹണത്തിൽ കോർപ്പറേഷനുകളുടെ വിഭാഗത്തിൽ കൊല്ലം ഒന്നാം സ്ഥാനത്ത്.

96.72 ശതമാനം തുക ചെലവാക്കിയാണ് കൊല്ലം ഒന്നാം സ്ഥാനത്തെത്തിയത്. 70.49 കോടി രൂപയായിരുന്നു കൊല്ലം കോർപ്പറേഷൻ ആകെ പദ്ധതി തുക. ഇതിൽ ഇന്നലെ രാത്രി 11വരെ 68.18 കോടി രൂപ ചെലവിട്ടു. കഴിഞ്ഞ ജനുവരി 1 മുതൽ തന്നെ പദ്ധതി നിർവഹണം കാര്യക്ഷമമാക്കാൻ രണ്ടാം ശനി, ഞായർ എന്നീ അവധി ദിവസങ്ങൾക്ക് പുറമേ മറ്റു പൊതു അവധിദിനങ്ങളും ഉപേക്ഷിച്ച് കോർപ്പറേഷനിലെ
വലിയൊരു വിഭാഗം ജീവനക്കാർ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി 12 വരെ കോർപ്പറേഷനിലെ എൻജിനിയറിംഗ് പ്ലാനിംഗ് വിഭാഗങ്ങൾ പ്രവർത്തിച്ചു.

മേയർ പ്രസന്ന ഏണസ്റ്റ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ജി ഉദയകുമാർ അടക്കമുള്ള നഗര ഭരണക്കാരും ഉദ്യോഗസ്ഥർക്ക് മാർഗനിർദേശങ്ങൾ നൽകാൻ രാത്രി വൈകിയും കോർപ്പറേഷനിൽ ഉണ്ടായിരുന്നു..

പ്രവർത്തനം കാര്യക്ഷമം

കൊല്ലം ജില്ല സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തിയത് പിന്നിലും കൊല്ലം കോർപ്പറേഷന്റെ കാര്യക്ഷമമായ പ്രവർത്തനം വലിയ ഘടകമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പദ്ധതിത്തുക ഉള്ളത് കൊല്ലം കോർപ്പറേഷനാണ്. ഈ തുക കൃത്യമായി വിനിയോഗിച്ചതുകൊണ്ടാണ് കൊല്ലം ജില്ലയും ഒന്നാം സ്ഥാനത്തെത്തിയത്.