തൃശൂർ: സ്വയംരക്ഷയ്ക്ക് എക്‌സൈസ് വകുപ്പ് പെൺകുട്ടികൾക്ക് കായിക പരിശീലനം നൽകുന്നു. സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ഭാഗമായാണ് തൃശൂർ എക്‌സൈസ് ഡിവിഷന്റെ കീഴിലുള്ള 13 റേഞ്ചുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 ഹൈസ്‌കൂളിലെ 8 മുതൽ 12 ക്ലാസ് വരെയുള്ള 20 പെൺകുട്ടികളെ വീതം തിരഞ്ഞെടുത്താണ് പരിശീലനം നൽകുന്നത്. വനിതകൾക്ക് നേരെയുള്ള ആക്രമണം, കടന്നുകയറ്റം എന്നിവയിൽ നിന്നും പ്രതിരോധവും, സ്വയം രക്ഷയും. പെട്ടെന്നുള്ള അപകടങ്ങൾ നിന്നുള്ള സംരക്ഷണവും മദ്യം, മറ്റു മയക്കുമരുന്ന് ഉൾപ്പെടെയുള്ള വസ്തുക്കൾക്കെതിരെ ജാഗ്രത പാലിക്കുക, ഒപ്പം തന്നെ പെൺകുട്ടികളെ സ്വയം പ്രാപ്തരാക്കുക എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പ്രത്യേക കായിക പരിശീലനം നൽകുന്നത്. മാസത്തിൽ നാലു ക്ലാസുകളാണ് നൽകുന്നത്. പ്രതിരോധം, സ്വയംരക്ഷ, സുരക്ഷ എന്നിവയുള്ള പ്രാധാന്യം നൽകിയിട്ടുള്ള പ്രത്യേക കായിക പരിശീലന മുറകളാണ് അഭ്യസിപ്പിക്കുന്നത്.

മേൽനോട്ട സമിതി
പ്രിൻസിപ്പൽ, പി.ടി.എ വനിതാ അംഗം, പ്രാദേശിക തദ്ദേശസ്വയംഭരണ വകുപ്പിലെ വനിതാ മെമ്പർ, റേഞ്ചുകളിലെ വനിത സിവിൽ എക്‌സൈസ് ഓഫീസർമാർ എന്നിവരടങ്ങുന്ന മേൽനോട്ട സമിതി രൂപീകരിച്ച് ഇവരുടെ നേതൃത്വത്തിലാണ് കായിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പരിശീലകർക്കുള്ള മുഴുവൻ ചെലവും എക്‌സൈസ് വകുപ്പാണ് വഹിക്കുന്നത്. മേൽനോട്ട സമിതിയുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്.
-കെ.കെ. രാജു
(വിമുക്തി കോ-ഓർഡിനേറ്റർ)