ഒളരിക്കര: ഒളരിക്കര-പുല്ലഴി റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ പൊതുമരാമത്ത് അധികൃതരെ ഒരുവിഭാഗം നാട്ടുകാർ തടഞ്ഞു. വികസനം തടയാൻ ശ്രമിക്കുന്നതായി ആരോപിച്ച് മറ്റൊരു വിഭാഗവും സ്ഥലത്തെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സ്ഥലത്തെത്തിയ വെസ്റ്റ് പൊലീസ് എസ്.ഐ ഷാജി പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ആവശ്യപ്പെട്ട് പ്രവൃത്തികൾ തത്കാലം നിർത്തി വയ്പ്പിച്ചു. സ്ഥലം എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളെ ചേർത്ത് അടിയന്തര യോഗം ചേർന്ന് രണ്ടു ദിവസത്തിനുള്ളിൽ പ്രശ്‌നം അവസാനിപ്പിക്കണമെന്നും എസ.്‌ഐ നിർദേശിച്ചു. ഒന്നര കിലോമീറ്റർ റോഡ് മെക്കാഡം ടാറിംഗ് നടത്താൻ ഇരുവശത്തുമുള്ള റവന്യൂ ഭൂമി ഏറ്റെടുക്കൽ നടപടിയാണ് നടന്നുവന്നിരുന്നത്. ഇതിനെതിരെ ചില വ്യാപാരികളും ചില സ്ഥലവാസികളും പ്രതിഷേധവുമായി വന്നതാണ് നിർമ്മാണ പ്രവൃത്തികൾ തടസപ്പെടാൻ കാരണമായത്. തിങ്കളാഴ്ച രാവിലെ തുടങ്ങിയ റവന്യൂ ഭൂമി ഏറ്റെടുക്കൽ സംഘടിച്ചെത്തിയ നാട്ടുകാർ തടയുകയായിരുന്നു. അശാസ്ത്രീയമായ രീതിയിൽ ഭൂമി ഏറ്റെടുക്കുന്നു, ചിലർക്ക് മാത്രമായി റോഡിന്റെ വീതി കൂട്ടലും കുറയ്ക്കലും, നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുന്നു തുടങ്ങിയവയാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. വ്യക്തമായ ധാരണ ഇല്ലാതെയുള്ള ഭൂമി ഏറ്റെടുക്കൽ സമ്മതിക്കില്ലെന്നാരോപിച്ച് വീട്ടുമതിലുകൾ പൊളിച്ചുമാറ്റുന്നുള്ള ജെ.സി.ബി തടഞ്ഞുവയ്ക്കുകയായിരുന്നു. കൗൺസിലർ ശ്രീലാൽ ശ്രീധർ അധികൃതരുമായി സംസാരിക്കുകയും നാട്ടുകാർക്കൊപ്പം നിൽക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ മറ്റൊരു വിഭാഗവും പ്രതിഷേധവുമായി എത്തുകയായിരുന്നു. മൂന്ന് വർഷമായി റോഡ് തകർന്നുകിടക്കുകയാണെന്നും ഉടൻ യാഥാർത്ഥ്യമാക്കണമെന്നും അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രണ്ടാംഘട്ടമായി ആരംഭിക്കേണ്ട പുല്ലഴി മുല്ലേശേരി കണ്ണോത്ത് റോഡിന്റെ നിർമ്മാണവും ഇതുമൂലം വൈകുകയാണ്.