foto

നഗര സഞ്ചയ പദ്ധതിയുടെ ഭാഗമായ പുത്തൂർ-പടവരാട് തോട് നിർമ്മാണോദ്ഘാടനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

ഒല്ലൂർ: സംസ്ഥാനത്ത് നഗര സഞ്ചയ പദ്ധതി നടപ്പാക്കുക വഴി നഗരങ്ങളോട് ചേർന്നു കിടക്കുന്ന ഗ്രാമങ്ങളെ നഗര തുല്യമാക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. പദ്ധതി പ്രവർത്തികമാകുന്നതോടെ നഗര, ഗ്രാമ പ്രദേശങ്ങളിലെ കാർഷികാവശ്യങ്ങൾക്കുള്ള വെള്ളത്തിന്റെയും ശുദ്ധജലത്തിന്റെയും ക്ഷാമത്തിനും പരിഹാരമാകും. നഗര സഞ്ചയ പദ്ധതിയുടെ ഭാഗമായ പുത്തൂർ-പടവരാട് തോട് നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പടവരാട് തോട് നിർമ്മാണം പൂർത്തിയാകുന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകുകയും അതുവഴി ജല മലിനീകരണം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണലിപ്പുഴയിൽ നിന്ന് ആരംഭിച്ച് പുത്തൂർ ഗ്രാമപഞ്ചായത്ത്, തൃശൂർ കോർപ്പറേഷൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പടവരാട് തോടിന്റെ പുനർനിർമ്മാണത്തിന് നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മണലിപ്പുഴയിൽ നിന്നുള്ള വെള്ളം കൽപ്പടതോട്, പടവരാട് തോട്, അവിണിശ്ശേരി ബോട്ട് ജെട്ടി എന്നിവിടങ്ങളിലൂടെ കോർപ്പറേഷന്റെ വിവിധ പ്രദേശങ്ങളിൽ എത്തിക്കുന്നതിലൂടെ കൃഷിക്കാവശ്യമായ വെള്ളത്തിന്റെയും കുടിവെള്ളത്തിന്റേയും ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. പുത്തൂർ പഞ്ചായത്ത് മേഖലയിൽ നടന്ന പരിപാടിയിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി.സജു, ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നന്ദൻ കുന്നത്ത്, സിനി പ്രദീപ് കുമാർ, പുത്തൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിബി വർഗീസ്, കർഷക സമിതി അംഗം രാജൻ കണ്ടേക്കാവിൽ, വാർഡ് മെമ്പർ എൻ.ജി. സനൂപ് എന്നിവർ പങ്കെടുത്തു.