honey-bee-attack

ചാലക്കുടി: കോടശ്ശേരി കൂര്‍ക്കമറ്റത്ത് തേനീച്ചക്കുത്തേറ്റ് 13 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ നാല് പേരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂര്‍ക്ക മറ്റം വെള്ളക്കിളി വീട്ടില്‍ ശീലാവതി (50), കുണ്ടുകുഴിപ്പാടം അടുപറമ്പില്‍ വത്സ രാജന്‍ (56), മാരാങ്കോട് സ്വദേശികളായ എല്‍സി ജോര്‍ജ് (55), ചീരന്‍ ഡേയ്‌സി ഔസേപ്പ് (50 ) എന്നിവരാണ് ആശുപത്രിയിലുള്ളത്.

ചെറിയ തോതില്‍ കുത്തേറ്റ കുണ്ടുകുഴിപ്പാടം സ്വദേശികളായ പെരുമ്പടത്തി പങ്കജം (53), ഐക്കരത്ത് രാധാ ജയകൃഷ്ണന്‍ (50), പുതുക്കാടന്‍ ഉഷാ സുരേന്ദ്രന്‍ (50), കൂര്‍ക്കമറ്റം സ്വദേശികളായ ശാന്താ ചന്ദ്രന്‍ (50), പോട്ടശ്ശേരി സുലോചന (55), സ്ഥാനക്കാരന്‍ കാളിക്കുട്ടി (55), മാരാങ്കോട് പള്ളിപ്പാടന്‍ ലൂസ് ഡേവിസ് (50) എന്നിവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പാടത്ത് പണിയെടുത്ത് നില്‍ക്കുമ്പോള്‍ തൊട്ടടുത്ത മരത്തിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയായിരുന്നു. തേനീച്ചകള്‍ പാഞ്ഞടുത്തപ്പോള്‍ തൊഴിലാളികള്‍ ചിതറിയോടി. ചിലര്‍ സമീപത്തെ തോട്ടിലേക്ക് ചാടി വെള്ളത്തില്‍ മുങ്ങിക്കിടന്നു. പിന്നീട് ഓല കത്തിച്ച് തേനീച്ചകളെ അകറ്റിയ ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.