വടക്കാഞ്ചേരി: മുണ്ടത്തിക്കോട് പാതിരിക്കോട്ടുക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹം നാളെ മുതൽ ആരംഭിക്കും. കോട്ടപ്പുറം ശങ്കരനാരായണൻ ശർമ്മയാണ് യജ്ഞാചാര്യൻ. നാളെ വൈകീട്ട് 5 ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. യജ്ഞവേദിയിൽ ക്ഷേത്രം മേൽശാന്തി വി.പി. നാരായണൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിക്കും. 11 ന് നടക്കുന്ന പ്രതിഷ്ഠാദിനത്തിൽ മൂന്നോറോളം സ്ത്രീകൾ പൊങ്കാല സമർപ്പിക്കും. വൈകീട്ട് കുനിശ്ശേരി അനിയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറും, 10 ന് വൈകീട്ട് സ്റ്റാർ സിംഗർ ഫെയിം വിനായക.ജി. കൃഷ്ണൻ ടീം നയിക്കുന്ന സംഗീത കച്ചേരി ഉണ്ടാകും. പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങൾ ക്ഷേത്രത്തിൽ ലഭിക്കുമെന്ന് സമിതി പ്രസിഡന്റ് രാജു മാരാത്ത് അറിയിച്ചു.