
വടക്കാഞ്ചേരി : കണ്ണിനും, കാതിനും, ഇമ്പമേകിയ സൗന്ദര്യക്കാഴ്ചകൾ പങ്കുവെച്ച ഉത്രാളിക്കാവ് പൂരം ജനപങ്കാളിത്തം കൊണ്ടും സമ്പന്നം. കൊവിഡിൽ വീടിനുള്ളിൽ തളക്കപ്പെട്ടവരുടെ ഒത്തുചേരലായി പൂരം.
ജീവിതസ്വപ്നങ്ങൾക്ക് ചിറകു വയ്ക്കാൻ ഉത്സവാഘോഷങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ഈ വർഷത്തെ ഉത്രാളിക്കാവ് പൂരം. പൂരത്തിന്റെ മുഖ്യ പങ്കാളികളായ, എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ എന്നീ ദേശക്കാരുടെ എഴുന്നെള്ളിപ്പ് ആരംഭിക്കും മുമ്പു തന്നെ ജനം തിങ്ങി നിറഞ്ഞിരുന്നു. രാവിലെ 11.30 ന് എങ്കക്കാട് വിഭാഗം ഉത്രാളിക്കാവിൽ എഴുന്നെള്ളിപ്പ് ആരംഭിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ എങ്കക്കാടിനായി ഭഗവതിയുടെ തിടമ്പേറ്റി. വടക്കാഞ്ചേരി വിഭാഗം 12.30 ന് ശിവക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യം തീർത്ത ശേഷം രാജകീയ പ്രൗഢിയിൽ സംസ്ഥാന പാതയിലൂടെ ഉത്രാളിക്കാവിലെത്തി.
കുമരനെല്ലൂർ വിഭാഗം കുമരനെല്ലൂരിൽ നിന്നും ഗജഘോഷയാത്രയായി ഉത്രാളിക്കാവിലെത്തിയ ശേഷം എഴുന്നള്ളിപ്പാരംഭിച്ചു. പുതുപ്പള്ളി കേശവൻ ഭഗവതിയുടെ തിടമ്പേറ്റി. ഓരോ വിഭാഗത്തിനും ഏഴാനകൾ വീതം അണിനിരന്നു. മൂന്ന് ദേശക്കാരും എഴുന്നെള്ളിപ്പും പഞ്ചവാദ്യ വും തീർത്ത ശേഷം കുടമാറ്റവും , 21 ആനകളെ അണിനിരത്തി ഭഗവതി പൂരവും, കൂട്ടി എഴുന്നള്ളിപ്പും നടന്നു. തുടർന്ന് കരിമരുന്നിൽ വിസ്മയം തീർത്ത വെടിക്കെട്ട് അകമല താഴ്‌വാരത്തെ പുളകം കൊള്ളിച്ചു.