പാവറട്ടി: എളവള്ളി പഞ്ചായത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടി 11-ാം വാർഡ് കാക്കശ്ശേരിയിൽ. കാക്കശ്ശേരിയിലെ മഹിളാ സമാജം പ്രവർത്തകർ വർഷങ്ങൾക്കുമുമ്പേ നാട്ടിൽ നിന്നും പിരിവെടുത്ത് നിർമ്മിച്ച അങ്കണവാടി കാലപ്പഴക്കം വന്നതിനാലാണ് പൊളിച്ചു പണിയുന്നതിന് തീരുമാനിച്ചത്. എളവള്ളി പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയിൽ നിന്നും 18 ലക്ഷം രൂപ ചെലവ് ചെയ്താണ് അങ്കണവാടി നിർമ്മിച്ചത്. അങ്കണവാടിക്ക് ആവശ്യമായ നാല് സെന്റ് സ്ഥലം വൈശ്യംവീട്ടിൽ നഫീസ ഹുസൈനാണ് സൗജന്യമായി വിട്ടു നൽകിയത്. വനിതാശിശുവികസന വകുപ്പിന് വേണ്ടി കേരള സർക്കാർ അംഗീകരിച്ച ഡി വിഭാഗത്തിൽപ്പെട്ട സ്മാർട്ട് അങ്കണവാടി ജില്ലയിൽ രണ്ടാമത്തേതാണ് എളവളളിയിലേത്.
സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ.ഡി. വിഷ്ണു, ടി.സി. മോഹനൻ, എൻ.ബി. ജയ, ശ്രീബിത ഷാജി എന്നിവർ പ്രസംഗിച്ചു.

അങ്കണവാടിയിൽ സൗകര്യങ്ങളേറെ
650 സ്‌ക്വയർ അടി വിസ്തൃതിയിലാണ് കെട്ടിടം. മൂന്നു വശങ്ങളിലും കുട്ടികൾക്കുള്ള കളിസ്ഥലം, തണൽമരങ്ങൾ, പുറത്ത് വണ്ടികൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയുണ്ട്. വലിയ ക്ലാസ് മുറി, അടുക്കള, സ്റ്റോർ, കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെ ശുചിമുറികൾ, വൈദ്യുതീകരിച്ച കെട്ടിടത്തിൽ ഫാനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കിണറും മോട്ടോറും വാട്ടർ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. ജലനിധിയുടെ സൗജന്യ കണക്ഷനുമുണ്ട്. ചൂടു പിടിക്കാത്ത പഫ്ഡ് പാനൽ റൂഫ് ഷീറ്റാണ് മേൽക്കൂര നിർമ്മിക്കുന്നതിന് ഉപയോഗിച്ചിട്ടുള്ളത്. വാതിലുകളിൽ ടഫൻഡ് ഗ്ലാസാണ് ഉപയോഗിച്ചിട്ടുള്ളത്.