ഇരിങ്ങാലക്കുട: നഗരസഭ 22-ാം വാർഡിൽ ഗവ. ഗേൾസ് സ്‌കൂൾ കോമ്പൗണ്ടിലെ അങ്കണവാടി മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി രണ്ട് വർഷം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാതിരുന്ന അങ്കണവാടി ഇപ്പോൾ തുറന്ന് കൊടുക്കുന്നത് ബി.ജെ.പി നടത്തിയ സമര വിജയമാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി ഇരിങ്ങാലക്കുട നഗരസഭ ഏരിയ കമ്മിറ്റി വിജയദിനം ആചരിച്ചു. പണി തീർന്നെങ്കിലും അങ്കണവാടിയുടെ മുമ്പിലുണ്ടായിരുന്ന പഴയ ഒരു നിർമ്മിതി പൊളിച്ച് നീക്കാൻവേണ്ട ടെൻഡർ നടപടി വൈകുന്നതിന്റെ പേരിൽ ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് മൂന്ന് ആഴ്ച മുമ്പ് അങ്കണവാടിക്ക് മുമ്പിൽ ബി.ജെ.പി സമരം ചെയ്തിരുന്നു. വിജയ സമ്മേളനം ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവും മുൻസിപ്പാലിറ്റി ടൗൺ ഏരിയ പ്രസിഡന്റുമായ സന്തോഷ്‌ ബോബൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ എം.വി. സുരേഷ്, മോഹനൻ മുളങ്ങാടൻ, നഗരസഭ കൗൺസിലർമാരായ അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, സരിത സുഭാഷ്, ആർച്ച അനിഷ്, മായ അജയൻ, സൽഗുണൻ തറയിൽ, സുനിൽ കരിപ്പാടത്ത് എന്നിവർ സംസാരിച്ചു. ബലൂണുകൾ പറത്തിയും, പടക്കം പൊട്ടിച്ചും, മധുര പലഹാര വിതരണം ചെയ്തുമാണ് ബി.ജെ.പി വിജയ ദിനാഘോഷം സംഘടിപ്പിച്ചത്.

ബി.ജെ.പിയുടെ വിജയദിന ആഘോഷം വെറും പ്രഹസനം: സോണിയ ഗിരി

പുതുതായി പണികഴിപ്പിച്ച അങ്കണവാടി മന്ദിരം ഉദ്ഘാടനം ഇന്ന്
ഇരിങ്ങാലക്കുട: നഗരസഭ 22-ാം വാർഡിൽ ഗവ. ഗേൾസ് സ്‌കൂൾ കോമ്പൗണ്ടിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടി മന്ദിരം ഇന്ന് രാവിലെ 10ന് ചെയർപേഴ്‌സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിക്കും. ഇരുപത്തിരണ്ടാം വാർഡ് കൗൺസിലർ അവിനാഷിന്റെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് കൊവിഡ് കാലഘട്ടത്തിൽ പോലും അങ്കണവാടിയുടെ പണി പൂർത്തീകരിക്കാൻ സാധിച്ചതെന്നും, ബി.ജെ.പിയുടെ വിജയദിന ആഘോഷം വെറും പ്രഹസനമാണെന്നും ചെയർപേഴ്‌സൺ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഇലക്ട്രിക്കൽ, പ്ലംബിംഗ് പണി പൂർത്തീകരിച്ച് അങ്കണവാടി തുറന്നുകൊടുക്കാൻ സജ്ജമായത്. എന്നാൽ പ്രസ്തുത പദ്ധതി പൂർണതയിൽ എത്തിയപ്പോൾ ബി.ജെ.പിയുടെ നേതൃത്വത്തിൽ വസ്തുതാ വിരുദ്ധമായ പ്രസ്ഥാവനകളും പ്രഹസന നാടകങ്ങളും നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തങ്ങളാണ് ഇതെല്ലാം ചെയ്തതെന്ന് വരുത്തിത്തീർക്കാനുള്ള പ്രവർത്തനങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നും, രാഷ്ട്രീയ മുതലെടുപ്പിന്‌ വേണ്ടി നടത്തുന്ന ഈ കപടമുഖങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും സോണിയ ഗിരി, വാർഡ് കൗൺസിലർ ഒ.എസ്. അവിനാഷ് എന്നിവർ അറിയിച്ചു.