പുന്നയൂർ: കണ്ടൽത്തൈകൾ നട്ട് ജലസമ്പത്ത് സംരക്ഷിക്കുകയും അതുവഴി പച്ചത്തുരുത്ത് ഒരുക്കുകയുമാണ് പുന്നയൂർ പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിതകേരള മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിക്ക് വളയംതോട് പാലം കണ്ണൻചിറ പരിസരത്ത് എൻ.കെ. അക്ബർ എം.എൽ.എ നിർവഹിക്കും. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വളയംതോട് പരിസരത്ത് ഒരു മീറ്റർ വ്യത്യാസത്തിൽ 250 തൈകളാണ് നടുക. കനോലി കനാലിനോട് ചേർന്നുകിടക്കുന്ന തോടായതുകൊണ്ട് മത്സ്യസമ്പത്തുമുണ്ട്. തോട് പരിസരത്ത് നെൽക്കൃഷിയുള്ളതിനാൽ പാടത്തേക്ക് ഉപ്പുവെള്ളം കയറുന്നതിനും പരിഹാരമാവും.