തൃശൂർ: മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന് ഇന്ന് 78 വയസ് തികയുന്നു. കുംഭമാസത്തിലെ തിരുവാതിരയാണ് ജയചന്ദ്രന്റെ നക്ഷത്രം. ജനനം 1944 മാർച്ച് മൂന്നിനാണ്. 2021ലെ ജെ.സി. ഡേനിയേൽ പുരസ്‌കാരം, എം.കെ. അർജ്ജുനൻ മാസ്റ്റർ പുരസ്‌കാരം എന്നിവയുടെ മധുരത്തിലാണ് ഇത്തവണത്തെ പിറന്നാൾ.
പൂങ്കുന്നം വിശ്രാം അപ്പാർട്ട്‌മെന്റിൽ ഗുൽമോഹർ ഫ്ളാറ്റിലാണ് ജയചന്ദ്രനും കുടുംബവും താമസിക്കുന്നത്. ജന്മദിന സമ്മാനമായി അദ്ദേഹത്തിന്റെ പഴയകാല ഗാനങ്ങൾ ആസ്പദമാക്കി തയ്യാറാക്കിയ ഏഴുമിനിറ്റുള്ള ആൽബം ഇന്ന് പുറത്തിറക്കും. മധു ബാലകൃഷ്ണനും ചിത്ര അരുണുമാണ് ആലാപനം.
1944 മാർച്ച് മൂന്നിന് ഏറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രാമവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്ര കുഞ്ഞാമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമനായാണ് ജനനം. ആദ്യം പാടിയത് കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലായിരുന്നെങ്കിലും പുറത്തിറങ്ങിയത് 1966ലെ 'കളിത്തോഴ"നായിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരം നിരവധി തവണ നേടിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു. ഭാര്യ: ലളിത.