പുന്നയൂർ: ജലജന്യ രോഗങ്ങൾ തടയുന്നതിന് പുന്നയൂർ പഞ്ചായത്തിൽ ജല ഗുണനിലവാര ലാബിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എൻ.കെ അക്ബർ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച് സ്‌കൂളിലാണ് ലാബ്. ഹയർസെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മുൻ എം.എൽ.എ കെ.വി. അബ്ദുൽഖാദറിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുതചാലകത, ലവണ സാന്നിദ്ധ്യം, ഖര പദാർത്ഥങ്ങളുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം, നൈട്രേറ്റ്, അമോണിയ എന്നിവയാണ് പരിശോധിക്കുക. പരിശോധനാ ഫലത്തോടൊപ്പം പരിഹാരമാർഗങ്ങളും നിർദ്ദേശിക്കും.