വാടാനപ്പിള്ളി: സ്‌കൂളിൽ നിന്നും പഠിച്ച സഹജീവി സനേഹം വൈജിത്ത് സ്വന്തം മുടിയിലൂടെ കാൻസർ രോഗികൾക്ക് പകുത്ത് നൽകി. പത്ത് വയസ് മാത്രം പ്രായമുള്ള തൃത്തല്ലൂർ യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സി.ജി. വൈജിത്ത് നമ്മെ പഠിപ്പിച്ചത് നന്മയുടെ വലിയൊരു പാഠം..!!!
തൃത്തല്ലൂർ പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന ചാളിപ്പാട്ട് ജിനേഷ് - രാജി ദമ്പതികളുടെ മകനും സ്‌കൂളിലെ ഗ്രീൻ പൊലീസ് കോ- ഓർഡിനേറ്ററായ വൈജിത്ത് മുടിയുടെ നീളം 32 സെന്റി മീറ്ററാകാൻ കാത്തിരിക്കുകയായിരുന്നു. പൂർണ വളർച്ചയിലെത്തിയപ്പോൾ മുടി മുഴുവനായി മുറിച്ചു നൽകി.
സ്‌കൂളിൽ നിന്ന് ലഭിച്ച ആശയമാണ് കേശദാനത്തിന് പിന്നിലെന്ന് വൈജിത്തിന്റെ മാതാപിതാക്കൾ പറഞ്ഞു.
പിതാവ് ഗൾഫിൽ നിന്നും വന്ന സമയം നോക്കി അമല ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് സഹപാഠിയുടേയും രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും സാന്നിദ്ധ്യത്തിൽ മുടി വെട്ടി അമല ആശുപത്രി അധികൃതരെ ഏൽപ്പിച്ചു. സിനിമാ മേക്കപ്പ്മാൻ ജിനീഷ് തൃത്തല്ലൂർ മുടി വെട്ടി ചിട്ടപ്പെടുത്തി കൊടുത്തു.
വൈജിത്തിന്റെ രക്ഷിതാവ് ആശുപത്രി അധികൃതർക്ക് സമ്മതപത്രം കൈമാറി. ശേഷം അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വൈജിത്തിന് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. സ്‌കൂളിൽ നടന്ന ചടങ്ങ് വാടാനപ്പള്ളി പഞ്ചായത്തംഗം കെ.എസ്. ധനീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക സി.പി. ഷീജ അദ്ധ്യക്ഷയായി. കോ- ഓർഡിനേറ്റർ കെ.എസ്. ദീപൻ, ഫ്രാൻസിസ് നെല്ലിശ്ശേരി, സി.എസ്. ജിതേഷ്, പി.വി. ശ്രീജ മൗസമി, അജിത് പ്രേം, വി.പി. ലത, കെ.ജി. റാണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ബോധവത്കരണ ക്ലാസ് നടന്നു.
കാൻസർ രോഗികൾക്ക് മുടി നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന മനോവിഷമം കുറയ്ക്കാനാണ് മുടി ദാനം ചെയ്യാൻ തീരുമാനിച്ചത്.
വൈജിത്ത്