കൊടുങ്ങല്ലൂർ: കോടതി സമുച്ചയം നിർമ്മിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സമീപം നഗരസഭയുടെ അധീനതയിലുള്ള 70 സെന്റ് ഭൂമി വിട്ടുകൊടുക്കണമെന്ന ബാർ അസോസിയേഷന്റെ ആവശ്യം നഗരസഭ അനുവദിക്കാൻ തയ്യാറാകണമെന്ന് കൊടുങ്ങല്ലൂർ പൗരസമിതി യോഗം ആവശ്യപ്പെട്ടു.
ഇതിനാവശ്യമായ നിർദ്ദേശങ്ങളും അനുമതിയും നൽകാൻ സംസ്ഥാന നിയമ തദ്ദേശ സ്വയംഭരണ - റവന്യൂ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ബഹുനിലകളോടുകൂടിയ കോടതി സമുച്ചയം വരുന്നതോടെ കൊടുങ്ങല്ലൂരിൽ മറ്റ് കോടതികൾ കൂടി വരുന്നതിന് സാദ്ധ്യതയുണ്ട്.
മാത്രമല്ല നിലവിൽ കോടതി കോമ്പൗണ്ടിലും ടൗണിലും അനുഭവപ്പെടുന്ന വാഹന പാർക്കിംഗ് പ്രശ്‌നത്തിനും ഒരു പരിധി വരെ പരിഹാരമാകുകയും ചെയ്യും. കോടതി ഇവിടെ നിന്നും മാറ്റുന്ന പക്ഷം ഈ സ്ഥലം മിനി സിവിൽ സ്റ്റേഷൻ വിപുലീകരണത്തിന്നായി ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. എൻ.എം. വിജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.എസ്. തിലകൻ, എൻ.വി. ലക്ഷമണൻ, കെ.പി. പ്രേംനാഥ്, അഡ്വ. ഭാനുപ്രകാശ്, എം.എൻ. രാജപ്പൻ, അഡ്വ. ഒ.എസ്. സുജിത്ത്, വി.കെ. വേണുഗോപാലൻ, പി.വി. അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.