കുന്നംകുളം: അക്കിക്കാവ് ടെൽക്കോൺ യുണൈറ്റഡ് ക്രിക്കറ്റേഴ്‌സ് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ മുന്നോടിയായി ഐ.പി.എൽ മാതൃകയിൽ താരലേലം നടത്തി. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രമുഖ ക്രിക്കറ്റ് കളിക്കാരാണ് ലേലത്തിൽ പങ്കെടുത്തത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 6 ടീമുകൾ താരങ്ങളെ ലേലം വിളിച്ചു ടീമിലെടുത്തു. പെരുമ്പിലാവ് ഫുഡ്ബുക്ക് റസ്റ്റോറന്റിൽ ടെൽക്കോൺ അംഗം നദീബ് മുഹമ്മദ്കുട്ടി ലേലം നിയന്ത്രിച്ചു. ഹാഷിം പെരുമ്പിലാവ്, ഇക്ബാൽ പുളിക്കൽ, റാഫി താഴത്തേതിൽ, ഇബ്രാഹിം, മൻസൂർ പുളിക്കൽ, അലി തുടങ്ങിയവർ നേതൃത്വം നൽകി. അക്കിക്കാവ് ടെൽക്കോൺ മൈതാനത്ത് ഐ.പി.എൽ മാതൃകയിൽ ഒരു മാസം നീളുന്ന മത്സരങ്ങൾ മാർച്ച് മുതൽ ആരംഭിക്കും. ഗുരുവായൂർ ഡി. കമ്പനി വാരിയേഴ്‌സ്, അക്കിക്കാവ് ഫൈറ്റേഴ്‌സ് ലെജന്റ്‌സ്, തൃശൂർ എഫ്.സി.സി ടസ്‌ക്കേഴ്‌സ്, പാലത്തിങ്കൽ ഷൈനിംഗ് സ്റ്റാർ റോയൽസ്, മാറാക്കര എം.സി.സി ഓൾ സ്റ്റാർസ്, കുന്നംകുളം കെ.സി.എ ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.