കുന്നംകുളം: കേച്ചേരി അൽ അമീൻ ഹയർസെക്കൻഡറി സ്‌കൂളിൽ ജുനിയർ റെഡ്‌ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പറവകൾക്ക് ഒരു പാനപാത്രം പദ്ധതിക്ക് തുടക്കമായി. വേനൽച്ചൂട് വർദ്ധിക്കുകയും പുഴകളിലും കുളങ്ങളിലും ജലം കുറഞ്ഞു വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പറവകൾക്കായി കുടിവെള്ളം നൽകുന്നതിന് പദ്ധതി ആവിഷ്‌കരിച്ചത്. പറവകൾക്കൊപ്പം മറ്റ് ജീവികളേയും വേനൽച്ചൂട് പ്രതികൂലമായി ബാധിക്കുകയും വെള്ളം കിട്ടാതെ ഇവയെല്ലാം കടുത്ത ചൂടിൽ ചത്തുവീഴാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ചെറിയ തോതിലെങ്കിലും ഇതിനെല്ലാം ഒരു പരിഹാരം എന്ന നിലയ്ക്ക് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിലെ വിവിധ സ്ഥലങ്ങളിൽ പറവകൾക്കും മറ്റു ജീവികൾക്കും കുടിക്കാനായി വെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം പ്രധാന അദ്ധ്യാപിക കെ.എ. സുമിറോസ് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.രാഹുൽ ബാബു, ജൂനിയർ റെഡ്‌ക്രോസ് കോ-ഓർഡിനേറ്റർമാരായ ടോംമാർട്ടിൻ, മിന്റു മോഹൻ, രാഹുൽ.എസ്.ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു.