പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡ് പെരുവല്ലൂർ പൂച്ചക്കുന്ന് പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ കുഴൽക്കിണർ തകർന്ന് ഒരു വർഷം കഴിഞ്ഞിട്ടും പുതിയ ബോർവെൽ നിർമ്മിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചും കഴിഞ്ഞ മൂന്ന് മാസമായി കുടിവെള്ളത്തിന്ന് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന ഈ പ്രദേശത്തെ അമ്പതോളം വീട്ടുകാർക്ക് വണ്ടിയിൽ വെള്ളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടും പൂച്ചക്കുന്ന് ജനകീയ കുടിവെള്ള സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്ന് മുമ്പിൽ കൂട്ട ധർണ നടത്തി. മുൻ പഞ്ചായത്ത് മെമ്പർ പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനീതി അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ക്ലമെന്റ് ഫ്രാൻസിസ്, എൻ.എസ്. സജിത്ത് കൊച്ചു, സമിതി ഭാരവാഹികളായ ശശിധരൻ കുറുമ്പൂർ, ശശികുമാർ മെമ്പുള്ളി, ലക്ഷ്മി ശങ്കുണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പഞ്ചായത്തിൽ നിവേദനം സമർപ്പിച്ചു.