1

തൃശൂർ: മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലെ താക്കോൽക്കൂട്ടം നഷ്ടപ്പെട്ടെന്ന് പരാതി. സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി. ഓഫീസിലെ നിരവധി വിവിധ രജിസ്റ്ററുകളും രേഖകൾ സൂക്ഷിച്ച അലമാരകളുടെയും മറ്റും താക്കോലുകളാണ് നഷ്ടപ്പെട്ടത്.

രേഖകളും മറ്റും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അറിയണമെങ്കിൽ ഇവ തുറന്ന് പരിശോധിക്കേണ്ടിവരും. തിങ്കളാഴ്ചയാണ് താക്കോൽക്കൂട്ടം നഷ്ടപ്പെട്ടതെങ്കിലും ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ മുതൽ നിരവധിപേർ സീലുകളും മറ്റും വയ്ക്കാൻ സൂപ്രണ്ട് ഓഫീസിൽ എത്തിയെങ്കിലും അലമാര തുറക്കാനാകാത്തതിനാൽ മടങ്ങിപ്പോകേണ്ടി വന്നു. ഒടുവിൽ ഉച്ചയോടെ ഒരു അലമാര കുത്തിപ്പൊളിച്ചാണ് സീലുകളും രേഖകളും പുറത്തെടുത്തത്. പിന്നീട് വൈകീട്ടോടെ പൊലീസിൽ പരാതി നൽകി.

ഒരു വർഷത്തിനുള്ളിൽ മൂന്നാം തവണയാണ് താക്കോലുകൾ നഷ്ടപ്പെടുന്നത്. എന്നാൽ രണ്ട് തവണയും പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. ഇത്തവണ അലമാര കുത്തിപ്പൊളിക്കുന്നത് ആശുപത്രിയിലെ ജീവനക്കാരും ചികിത്സയ്ക്ക് എത്തിയവരും കണ്ടതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. സൂപ്രണ്ട് ഓഫീസിൽ കാമറകൾ ഉള്ളപ്പോഴാണ് താക്കോൽക്കൂട്ടം നഷ്ടപ്പെട്ടത്.