ഗുരുവായൂർ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) തൃശൂർ റവന്യൂ ജില്ലാ സമ്മേളനം 4, 5 തീയതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൃശൂർ, ഇരിങ്ങാലക്കുട, ചാവക്കാട് വിദ്യഭ്യാസ ജില്ലകളിൽ നിന്നായി 500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. റവന്യൂ ജില്ലാ കൗൺസിൽ നാലിന് വൈകീട്ട് നാലിന് മുതുവട്ടൂർ ഫർക്ക ബാങ്ക് ഹാളിൽ നടക്കും. ഗുരുവന്ദനവും ഉണ്ടാകും. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ മുഖ്യാതിഥിയാകും. പൊതുസമ്മേളന വേദിയായ ഗുരുവായൂർ ടൗൺഹാളിൽ അഞ്ചിന് രാവിലെ എട്ടരയ്ക്ക് ജില്ലാ പ്രസിഡന്റ് കെ.സി. റെജി പതാക ഉയർത്തും. ഒമ്പതരയ്ക്ക് പ്രതിനിധി സമ്മേളനം. പത്തരയ്ക്ക് പൊതുസമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് യാത്രയയപ്പ് സമ്മേളനം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ കൗൺസിൽ യോഗം, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, പ്രമേയാവതരണം എന്നിവയുമുണ്ടാകും. പത്രസമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ കെ.പി. ഉദയൻ, വിവിധ കമ്മറ്റികളുടെ ചെയർമാൻമാരായ വി.പി. ഹരിഹരൻ (പ്രോഗ്രാം), സി.ആർ. ജീജോ (പബ്ലിസിറ്റി), സി.ജെ. റെയ്മണ്ട് (ഭക്ഷണം) എന്നിവർ പങ്കെടുത്തു.