തൃശൂർ: മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ മലയോര നിവാസികൾക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കാനായി കരുവാൻകാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം ഉയരുന്നു. സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചു. കിടത്തി ചികിത്സയും മറ്റ് അനുബന്ധ ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കരുവാൻകാട് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന കാമ്പസിലാണ് പുതിയ കെട്ടിടവും നിർമ്മിക്കുന്നത്. രണ്ട് നിലകളിലായി 4198 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാലിയേറ്റീവ് റൂം, ഒ.പി, എക്‌സാമിനേഷൻ റൂം, പ്രീ ചെക്കപ്പ് റൂം, ഡ്രെസിംഗ് റൂം, സ്‌റ്റോർ റൂം, ഒ.പി രജിസ്‌ട്രേഷൻ, വെയ്റ്റിംഗ് റൂം എന്നിവയും ഒന്നാമത്തെ നിലയിൽ പാലിയേറ്റീവ് റൂം, ഒ.പി റൂം, ശുചിമുറി, പ്രീ ചെക്കപ്പ് റൂം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.