ചേർപ്പ്: കെ - റെയിൽ പദ്ധതിയുടെ പ്രാരംഭ കല്ലിടലിനായി സർവേ ഉദ്യേഗസ്ഥരെത്തുന്ന വാർത്തയറിഞ്ഞ് ചേർപ്പ് ചിറ്റൂർ മന - കുളത്തൂർ റോഡിൽ ജനകീയ സമരസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടയാനൊരുങ്ങി. പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞതോടെ ഉദ്യേഗസ്ഥർ സ്ഥലത്തെത്തിയില്ല. ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാർ അടങ്ങുന്ന സമരസമിതി പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടിയത്.

കെ - റെയിൽ കടന്നുപോകുന്ന ചേർപ്പ്, പാലയ്ക്കൽ, കുളത്തൂർ, ചിറ്റൂർ മന റോഡ് എന്നിവിടങ്ങളിലെ കുട്ടികളും, സ്ത്രീകളും, വയോധികരും അടക്കമുള്ളവരെത്തി. കിടപ്പാടം നഷ്ടമാകുന്ന സാഹചര്യം അനുവദിക്കില്ലെന്ന മുദ്രവാക്യം ഉയർത്തിയാണ് സമരക്കാർ പിരിഞ്ഞത്. ഒരു മണിക്കൂറോളം പ്രതിഷേധക്കാർ കാത്തുനിന്നെങ്കിലും. ഒടുവിൽ ഉദ്യേഗസ്ഥർ എത്തുന്നില്ലെന്ന് അറിഞ്ഞതോടെ പിൻമാറി.

സമരസമിതി പ്രവർത്തകരായ എം. സുജിത്ത്കുമാർ, പഞ്ചായത്ത് അംഗം ധന്യ സുനിൽ, സി. അനിത, സി. വിജയൻ, ജയൻ പാറക്കോവിൽ, സി.കെ. വിനോദ്, ബാലു കനാൽ, ദീപ്തി സന്തോഷ്, ഹരിദാസ് മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.