lunch

മോതിരക്കണ്ണിയിൽ ആരംഭിച്ച കുരുന്നുകളുടെ അക്ഷയപാത്രം പദ്ധതി ജില്ലാ പഞ്ചായത്തംഗം ജെനീഷ്.പി.ജോസ് ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: മോതിരക്കണ്ണിയിൽ ഇനി മുതൽ ഉച്ചഭക്ഷണം തേടി ആരും അലയേണ്ടി വരില്ല. നിരാലംബരായ നാട്ടുകാരും യാത്രക്കാരും വിശപ്പടക്കുക എന്ന ലക്ഷ്യമിട്ട് വലിയപാടം എസ്.എൻ.ഡി.പി എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ ഇവിടെ കുരുന്നുകളുടെ അക്ഷയ പാത്രം പദ്ധതി ആരംഭിച്ചിരിക്കുകയാണ്. വീട്ടിൽ തയ്യാറാക്കി കൊണ്ടുവരുന്ന ഉച്ചഭക്ഷണം അവർ മോതിരക്കണ്ണി ജംഗ്ഷന് സമീപത്തെ മുരുകേഷ് ഹോട്ടലിന് സമീപം ഒരുക്കിയ അക്ഷയപാത്രത്തിൽ നിക്ഷേപിക്കും. ആവശ്യക്കാർക്ക് ഭക്ഷണപ്പൊതികൾ എടുക്കാം. അവധി ദിവസങ്ങളിലും ആരുടേയും അന്നം മുട്ടില്ല. പി.ടി.എയുടെ നേതൃത്വത്തിലായിരിക്കും ഇത്തരം ദിവസങ്ങളിൽ ഭക്ഷണപ്പൊതികൾ കരുതുക. ഉച്ചയ്ക്ക് 12 മുതൽ 2 വരെ ആവശ്യക്കാർക്ക് തികച്ചും സൗജന്യമായി ഭക്ഷണപ്പൊതികൾ കൊണ്ടു പോകാം.' കുരുന്നുകളുടെ അക്ഷയപാത്രം ' പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ്. പി. ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വി. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ടി.ബി. ഷാജി, ഹെഡ്മിസ്ട്രസ് വി.വി. ഷൈനി, പഞ്ചായത്ത് അംഗങ്ങളായ ആനി ജോയ്, കെ.എസ്. രാധാകൃഷ്ണൻ, ആർ.വി. കല്യാണി, യു.ജി. വേലായുധൻ, ഹസീന നിഷാബ്, സ്‌നേഹ പ്രകാശ് എന്നിവർ പ്രസംഗിച്ചു.