കൊടുങ്ങല്ലൂർ: ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പുല്ലൂറ്റ് പാലത്തിലെ റോഡ് തകർന്ന് കിടക്കുന്നത് വാഹന അപകടങ്ങൾക്ക് കാരണമാകുന്നു. പാലത്തിൽ കുറച്ചു നാളുകളായി കുഴികൾ രൂപം കൊണ്ടിട്ട്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴികൾ കണ്ട് വെട്ടിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇടുങ്ങിയ പാലമായതിനാൽ നടപ്പാതയിലൂടെയുള്ള സഞ്ചാരവും ദുഷ്‌കരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ മൂന്ന് അപകടങ്ങൾ നടന്നതായി പറയുന്നു. ഇതിനെ തുടർന്ന് പാലത്തിെലെ കുഴികൾ അടയ്ക്കണെമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തി പരിഹാരം കാണണമെന്നും ബി.ജെ.പി കൗൺസിലർമാരായ ഒ.എൻ. ജയദേവൻ, സി. നന്ദകുമാർ എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബി.ജെ.പി കൊടുങ്ങല്ലൂർ മുൻസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്. സജീവന്റെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി അധികൃതർക്ക് പരാതി നൽകി.