കൊടുങ്ങല്ലൂർ: യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നുള്ള നീണ്ട യാത്രക്കൊടുവിൽ കൊടുങ്ങല്ലൂർ സ്വദേശികളായ
രണ്ട് വിദ്യാർത്ഥികൾ ജന്മനാട്ടിലെത്തി. കൊടുങ്ങല്ലൂർ കോട്ടപ്പുറം കോട്ടയിൽ താമസിക്കുന്ന കാച്ചിപ്പിള്ളി വീട്ടിൽ റിജു കെ. ചെറിയാന്റെ മകൾ റോഷ മേരി ഫ്രാൻസിസ് (24), വാഴക്കൂട്ടത്തിൽ ഷമ്മിയുടെ മകൾ ലിസ്‌ന (19) എന്നിവരാണ് ഡൽഹിയിൽ എത്തിയ ശേഷം ബുധനാഴ്ച രാത്രിയോടെ നേർക്കയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്.

ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി വേദനയുടെ മുൾമുനയിൽ കഴിഞ്ഞിരുന്ന വിട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായി. യുക്രെയ്‌നിലെ കീവിലെ മെഡിക്കൽ അക്കാഡമിയിലെ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയാണ് റോഷ മേരി ഫ്രാൻസിസ്. ലിസ്‌ന ഷമ്മി ഇവാനോ ഫ്രാങ്കിക്ക് നാഷ്ണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്. മൂന്നു മാസം മുമ്പാണ് ഇവർ പഠനത്തിനായി നാട്ടിൽ നിന്നും പുറപ്പെട്ടത്. ഫെബ്രുവരി 23നാണ് തങ്ങളുടെ വിദ്യാഭ്യാസ ഏജൻസി യുക്രെയിൻ വിടാൻ ഇവർക്ക് നിർദ്ദേശം നൽകിയത്. റോഷ മേരി ഉൾപ്പടുന്ന ആറംഗ ഇന്ത്യൻ വിദ്യാർത്ഥി സംഘം 90 കിലോമീറ്റർ നടന്ന് നാല് ദിവസത്തിന് ശേഷമാണ് പോളണ്ടിന്റെ അതിർത്തിയിലെത്തിയത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ഭക്ഷണവും, വെള്ളവും കരുതണമെന്ന മുന്നറിയിപ്പ് ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ചിരുന്നതായി റോഷ മേരി പറഞ്ഞു. എന്നാൽ ഇതിനിടയിൽ ഭക്ഷണവും വെള്ളവും തീർന്നു. ആക്രമണം തുടങ്ങിയതോടെ ഏറ്റവും അടുത്തുള്ള അതിർത്തിയിലേക്ക് എത്താൻ 75 കിലോമീറ്റർ സഞ്ചരിച്ചെങ്കിലും യുക്രെയിൻ പൊലിസ് തിരിച്ചയച്ചു.

തുടർന്ന് 30 കിമീറ്റർ തിരിച്ച് നടന്ന് ഷെൽറ്ററിലെത്തി. തൊട്ടടുത്ത ദിവസം ഷിയാങ്കി ബോർഡറിലേക്ക് ബസ് വഴി യാത്രക്ക് സൗകര്യം ഒരുക്കിയപ്പോൾ കർഫ്യൂ പ്രഖ്യാപിച്ചതോടെ ചെക്ക് പോസ്റ്റിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഹംഗറിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും വാഹനത്തിന് റെഡി കാഷ് നൽകാതെ കൊണ്ടുപോകില്ലെന്ന് അറിയിച്ചതോടെ വീണ്ടും വൈകി. നാല് ദിവസത്തെ യാത്ര 95 കിലോമീറ്റർ ദൂരം താണ്ടി ഭക്ഷണമില്ലാതെ കൊടും തണുപ്പത്ത് വെസ്റ്റ് യുക്രെയിൻ വഴി ബസ് മാർഗം റുമാനിയയിൽ എത്തുകയായിരുന്നു. ഇവരോടൊപ്പം ഡോക്ടർ ഉൾപ്പെടുന്ന സംഘം ഉണ്ടായതിനാൽ യാത്ര എളുപ്പമായി. പിന്നീട് ഫ്ലൈറ്റിൽ ഡൽഹിയിയിലേക്ക് എത്തുകയായിരുന്നു.