iso
കൊരട്ടി പൊലീസ് സ്റ്റേഷന് ലഭിച്ച ഐ.എസ്.ഒ പദവി തൃശൂർ എസ്.പി. ഐശ്വര്യ ഡോങ്കറെ ഏറ്റുവാങ്ങുന്നു.

കൊരട്ടി: ജനമൈത്രി പൊലീസ് സ്റ്റേഷന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കൈമാറി. ഇതോടനുബന്ധിച്ച് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങ് ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃശൂർ എസ്.പി. ഐശ്വര്യ ഡോങ്കറെ, ഐ.എസ്.ഒ കേരള പ്രതിനിധി എൻ. ശ്രീകുമാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ.സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുൺ, പഞ്ചായത്തംഗം വർഗീസ് തച്ചുപറമ്പിൽ, എസ്.ഐ ഷാജു എടത്താടൻ, പി.ആർ.ഒ ടി.എ ജെയ്‌സൺ എന്നിവർ സംസാരിച്ചു.
ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫൈഡ് പൊലീസ് സ്റ്റേഷനാണ് കൊരട്ടി. പൊതുജനങ്ങൾക്ക് പൊലീസിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെ മുൻനിറുത്തിയാണ് പ്രധാനമായും അംഗീകാരം നൽകിയത്. ഗ്രീൻ പ്രോട്ടോക്കോൾ സംവിധാനം, സൗഹൃദപരമായ സ്റ്റേഷൻ പരിസരം, സുരക്ഷാ സംവിധാനം എന്നിവയും അംഗീകാരത്തിന്റെ മറ്റ് ഘടകങ്ങളായി. സ്റ്റേഷൻ പരിധിയിലെ രണ്ടു വിദ്യാലയങ്ങളിൽ സ്റ്റുഡന്റ്‌സ് പൊലീസ് രൂപീകരണം, പ്രധാന ജംഗ്ഷനുകളിൽ പൊലീസിന്റെ സ്ഥിരം സാന്നിദ്ധ്യം എന്നിവയും പരിഗണിക്കപ്പെട്ടു.