ചാലക്കുടി: കുറ്റകൃത്യങ്ങൾ തടയാനായി നഗരസഭയിലെ 36 വാർഡുകളിലും കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ ചാലക്കുടി ജനമൈത്രി പൊലീസിന്റേയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടേയും സംയുക്ത യോഗത്തിൽ തീരുമാനിച്ചു. നിലവിൽ സ്ഥിപിച്ചിട്ടുള്ള കാമറകളുടെ കണക്കെടുപ്പ് നടത്തിയ ശേഷമായിരിക്കും കൂടുതലെണ്ണം സ്ഥാപിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ സഹകരണം തേടും. ഇതിനായി ജനകീയ സമിതി രൂപീകരിച്ചു. ലയൺസ് ഹാളിൽ നടന്ന യോഗം എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ് ഉദ്ഘാടനം ചെയ്തു. പോൾ പാറയിൽ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ വി.ജെ. ജോജി, പി.ഡി. ദിനേശ്, നെൽസൺ പുത്തനങ്ങാടി, കെ.കെ. കുഞ്ഞുമോൻ, ലൂയീസ് മേലേപ്പുറം തുടങ്ങിയവർ സംസാരിച്ചു.