പാവറട്ടി: കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമീണ മേഖലകളിൽ ദാഹനീരുമായി ഇത്തിപറമ്പിൽ സുരേഷിന്റെ ശുദ്ധജല വണ്ടി വെള്ളം സൗജന്യമായി വിതരണം ചെയ്യുന്നത് ജനങ്ങൾക്ക് ആശ്വാസമാകുന്നു. 150 അധികം വീടുകൾക്ക് ഒരു ദിവസം സുരേഷ് കുടിവെള്ളം വിതരണം നടത്തുന്നുണ്ട്. പാവറട്ടി പഞ്ചായത്തിലും മുല്ലശ്ശേരി പഞ്ചായത്തിലും ഇപ്പോൾ വെള്ളം വിതരണം ചെയ്യന്നുണ്ട്. സ്വന്തം കിണറ്റിൽ നിന്നും വെള്ളം ശേഖരിച്ച് വാഹനത്തിൽ 1500 ലിറ്റർ വെള്ളമാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. സുരേഷ് തന്നെ ആണ് വാഹനം ഓടിച്ച് വെള്ളം വിതരണം ചെയ്യുന്നത്. പാവറട്ടി പഞ്ചായത്തിലെ കോന്നൻ ബസാറിലാണ് സുരേഷും കുടുംബവും താമസിച്ചിരുന്നത്. കായൽ മേഖല ആയതിനാൽ ഇവിടെ ഉപ്പുവെള്ളമാണ്. ചെറുപ്പം മുതലെ കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശമായ കോന്നൻ ബസാർ കണ്ട് മനസിലാക്കിയ സുരേഷ് അവിടെ നിന്നും താമസം മാറ്റി ഇപ്പോൾ കാക്കശ്ശേരിയിലാണ് താമസിക്കുന്നത്. ഇവിടുത്തെ കിണറ്റിൽ ശുദ്ധജലം സമൃദ്ധിയായി കിട്ടിയപ്പോഴാണ് കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങൾ കണ്ടെത്തി വെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചത്. മുല്ലശ്ശേരി പഞ്ചായത്തിലെ പൂച്ചക്കുന്ന്, പെരുവല്ലൂർ അംബേദ്കർ ഗ്രാമം എന്നിവിടങ്ങളിലും ശുദ്ധജല വിതരണം നടത്തുന്നുണ്ട് സുരേഷ്. ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന സേവനമായതിനാൽ സുരേഷിന് ഈ പ്രവൃത്തി കൂടുതൽ ആത്മവിശ്വാസം പകരുന്നു.