അതിരപ്പിള്ളി: പഞ്ചായത്തിലെ അവശേഷിക്കുന്ന പട്ടികവർഗ സങ്കേതമായ വെട്ടിവിട്ടകാടിലേയ്ക്കും വൈദ്യുതി എത്തുന്നു. ഇതിനായി പട്ടികജാതി, വർഗ വകുപ്പിൽ നിന്നും 85, 41, 000 രൂപയുടെ അനുമതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് അറിയിച്ചു. മുൻ എം.എൽ.എ ബി.ഡി. ദേവസിയുടെ ശ്രമഫലമായാണ് ഇതിന്റെ എസ്റ്റിമേറ്റ് എടുത്ത് ഫണ്ടിനായി അപേക്ഷിച്ചത്. മൈലാടുംപാറ തോട്ടംതൊഴിലാളി എൻ.സി വരെ എത്തിനിൽക്കുന്ന ലൈനിൽ നിന്നും യു.ജി കേബിൾ മുഖേന 2.800 കിലോ മീറ്റർ ദൂരം വൈദ്യുതി എത്തിക്കും. 13 കുടുംബങ്ങൾ ഉൾപ്പെട്ട മുതുവൻ കോളനിയിൽ വൈദ്യുതി എത്തുമ്പോൾ അത് ചരിത്രനേട്ടമാകും. ഇതോടെ അതിരപ്പിള്ളിയിലെ 14 ആദിവാസി കേളനിയിലും നേരിട്ട് വൈദ്യുതി എത്തും. ഇപ്പോൾ പദ്ധതിക്കായി 7 ലക്ഷം രൂപ കൂടി ആവശ്യമുണ്ട്. ഇതിന് പുതുക്കിയ എസ്റ്റിമേറ്റ് നൽകിയെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.