തൃപ്രയാർ: നാട്ടിക - തൃപ്രയാർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റും ആൽഫാ ഏജൻസീസ് ഉടമയുമായ ഡാലി ജെ. തോട്ടുങ്ങലിന് നേരെ അതിക്രമം നടന്നതായി പരാതി. തൃപ്രയാർ ടെമ്പിൾ റോഡിലെ നൈസ് ടൂറിസ്റ്റ് ഹോം ഉടമ അബ്ദുൾ റഷീദാണ് അൽഫാ ഏജൻസീസിലെത്തി ഡാലിയെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇത് സംബന്ധിച്ച് അസോസിയേഷൻ വലപ്പാട് പൊലീസിൽ പരാതി നൽകി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉടൻ കട ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. നിലവിൽ കടകൾ ഒഴിയുന്നത് സംബന്ധിച്ച് ദേശീയ പാത ഡെപ്യൂട്ടി കളക്ടറുടെ സാന്നിദ്ധ്യത്തിൽ കെട്ടിട ഉടമയായ അബ്ദുൾ റഷീദ് വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് കെട്ടിട ഉടമ വാക്കുമാറ്റുകയായിരുന്നു. കട ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അതിക്രമമെന്ന് മർച്ചന്റ് അസോസിയേഷൻ ആരോപിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റിന് നേരെ വധഭീഷണി മുഴക്കിയ കെട്ടിട ഉടമയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ജന. സെക്രട്ടറി പി.കെ. സമീർ ആവശ്യപ്പെട്ടു.