പീച്ചി: പീച്ചി ഇടതുകര കനാലിലെ കെ.എഫ്.ആർ.ഐയുടെ ഭാഗത്തെ തടസം പരിഹരിച്ച് വെള്ളം തുറന്നുവിട്ടു. റവന്യൂമന്ത്രി കെ. രാജന്റെയും ജില്ലാ കളക്ടർ ഹരിത വി. കുമാറിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലെ തീരുമാന പ്രകാരമാണ് പീച്ചി ഇടതുകര കനാൽ തുറന്നത്. നിലവിൽ കൂട്ടാല ബ്രാഞ്ച് കനാൽ, പുത്തൂർ ബ്രാഞ്ച് കനാൽ എന്നിവിടങ്ങളിലേക്കാണ് വെള്ളം തുറന്നുവിടുന്നത്. കനാലിലെ തടസങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിടാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദേശിച്ചിരുന്നു. പുത്തൂർ, പാണഞ്ചേരി പഞ്ചായത്തുകളിലെ കുടിവെള്ളം, കൃഷി എന്നീ ആവശ്യങ്ങൾക്കുള്ള വെള്ളത്തിന്റെ ലഭ്യതയിൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലായിരുന്നു റവന്യൂമന്ത്രിയുടെ ഇടപെടൽ. ഇവിടങ്ങളിൽ പീച്ചി ഡാമിൽ നിന്ന് കനാൽ വഴിയാണ് കിണർ റീ ചാർജിനും കൃഷി ആവശ്യത്തിനും വെള്ളം എത്തിച്ചിരുന്നത്. കെ.എഫ്.ആർ.ഐയുടെ പ്രധാന കെട്ടിടത്തിന്റെ സമീപത്തുള്ള പാർശ്വഭിത്തി നിർമ്മാണത്തിന്റെ ഭാഗമായാണ് ഈ ഭാഗത്ത് ജലമൊഴുക്ക് തടസപ്പെട്ടിരുന്നത്. യോഗ തീരുമാന പ്രകാരം അടിയന്തരമായി പ്രദേശത്തെ മണ്ണ് നീക്കിയാണ് ഇപ്പോൾ കനാൽ തുറന്നിരിക്കുന്നത്.