 
പുന്നയൂർ: ബണ്ട് സംരക്ഷണത്തിന് കയർ ഭൂവസ്ത്ര നിർമ്മാണ പദ്ധതിയുമായി പുന്നയൂർ പഞ്ചായത്ത്. കുട്ടാടൻ പാടശേഖരത്തെ ദേശത്തോട് നവീകരിച്ചാണ് കയർ ഭൂവസ്ത്രം ഒരുക്കുന്നത്. ബണ്ട് റോഡ് കാർഷികാവശ്യങ്ങൾക്ക് വേണ്ട ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് സഹായിക്കും. പാടവും തോടും നിറഞ്ഞ പുന്നയൂരിൽ നെൽക്കൃഷി സമൃദ്ധമാണ്. പരിസര പ്രദേശങ്ങളിലെ നെൽക്കൃഷിക്ക് വേണ്ട വെള്ളം ബണ്ടിനു സമീപത്തുള്ള തോട്ടിൽ നിന്നും ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിയും. കയർ ഭൂവസ്ത്രം നിർമ്മിക്കുന്നതിന് മുളയുടെ ആണി ആവശ്യമാണ്. ഇത് തയ്യാറാക്കുന്നതിന് പ്രത്യേകം തൊഴിലാളികളുമുണ്ട്. ബണ്ടിന് സമീപമുള്ള തോട് നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് രണ്ടു വർഷം മുമ്പേ ആഴം കൂട്ടി നവീകരിച്ചിരുന്നു.
150 മീറ്റർ നീളത്തിൽ കയർ വിരിക്കും
ഏഴാം വാർഡിൽ അവിയൂർ കൈനാക്കൽ പാലം പരിസരത്ത് 150 മീറ്റർ നീളത്തിലാണ് കയർ വിരിക്കുക. തൊഴിലുറപ്പ് പദ്ധതിയിലൂടെ 40 തൊഴിലാളികൾ 1, 061 ദിവസങ്ങളിലായാണ് ബണ്ട് നിർമ്മിക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 4, 71, 000 രൂപ വിനിയോഗിക്കും. ബണ്ട് മുഴുവൻ മൂടുന്ന വിധമാണ് കയർ ഭൂവസ്ത്രം ഒരുക്കുന്നത്. ബണ്ടിനുമുകളിൽ ബാംബു കോർപ്പറേഷനിൽ നിന്ന് നേരത്തെ ലഭിച്ച മുളയും വച്ച് പിടിപ്പിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് സമീപത്ത് മനോഹരമായ പാർക്കും സൗന്ദര്യവത്ക്കരണം നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം
-ടി.വി. സുരേന്ദ്രൻ
(പഞ്ചായത്ത് പ്രസിഡന്റ്)