ചാലക്കുടി: കലാഭവൻമണി അനുസ്മരണവും അവാർഡ് വിതരണവും ആറിന് രാമൻ സ്മാരക കലാഗൃഹത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലാഭവൻമണി കുടുംബ ട്രസ്റ്റ്, പുരോഗമന കലാസാഹിത്യ സംഘം, താലൂക്ക് ലൈബ്രറി കൗൺസിൽ, പട്ടികജാതി ക്ഷേമസമിതി, ഫെയ്‌സ് ചാലക്കുടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. രാവിലെ 10ന് വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അനുസ്മരണ പ്രഭാഷണം നടത്തും. ഈ വർഷത്തെ കലാഭവൻ മണി അവാർഡ് നാടൻപാട്ട് കലാകാരൻ മണികണ്ഠൻ വയനാടിന് നൽകും. പതിനായിരം രൂപയും മെമന്റോയുമാണ് നൽകുക. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീരേഖ സന്ദീപിനെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ, പി.സി.മനോജ്, കലാഭവൻ സുബി, എ.ആർ.ഹരി, സി.ഡി.പോൾസൺ എന്നിവർ പരിപാടികൾ വിശദീകരിച്ചു.