കൊടുങ്ങലൂർ: പുനർനിർമ്മാണം ആരംഭിച്ച കൊടുങ്ങല്ലൂർ - തൃശൂർ സംസ്ഥാന പാതയിലെ കുഴികൾ മഴക്കാലത്തിന് മുമ്പായി താത്കാലികമായി അടക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അപ്ലിക്കറ്റ്‌സ് ആൻഡ് കൺസ്യൂമേഴ്സ് ഫോറം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിലെ ടാറിംഗ് പ്രതലം പൊളിച്ചുനീക്കി കോൺക്രീറ്റ് റോഡാക്കുന്ന ജോലി പൂർത്തിയാക്കാൻ രണ്ടു വർഷം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അപ്പോഴേക്കും ഈ കുഴികൾ കൂടുതൽ അപകടകരമാകും. ചൊവ്വൂർ ഭാഗത്ത് നിന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഇക്കാര്യങ്ങൾ പരിഗണിച്ച് അടിയന്തരമായി അറ്റകുറ്റപണികൾ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത് അദ്ധ്യക്ഷനായി. ശ്രീകുമാർ ശർമ്മ, എൻ.കെ. ജയരാജ്, അഡ്വ. അബ്ദുൾ കാദർ കണ്ണേഴത്ത്, കെ.കെ. മൊയ്തീൻ കുട്ടി, എം.കെ. സഗീർ, സി.എസ്. തിലകൻ എന്നിവർ സംസാരിച്ചു.
പതിയിരിക്കുന്ന അപകടം
പുല്ലൂറ്റ് പാലത്തിൽ രൂപം കൊണ്ടിട്ടുള്ള ഗർത്തങ്ങൾ അപകടം വിളിച്ചുവരുത്തുന്നതായി പരാതി.
ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. കുഴികളിൽ വീഴാതിരിക്കാൻ ചെറിയ വാഹനങ്ങൾ പെട്ടെന്ന് വെട്ടിക്കുന്നത് മൂലമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്ത് തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടായതായും പ്രദേശവാസികൾ പറയുന്നു. പാലത്തിലെ കുഴികൾ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി പുനനിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.