തൃശൂർ: കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയങ്ങൾ 15 ന് പരിഗണിക്കും. അന്ന് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ രാവിലെ 10 ന് കളക്ടർ കൗൺസിലർമാരുടെ യോഗം വിളിച്ചു. പ്രമേയം അവതരിപ്പിച്ച ശേഷം വോട്ടിനിടും. ഉച്ചയ്ക്ക് രണ്ടിന് കൗൺസിലിൽ ഡെപ്യൂട്ടി മേയർക്ക് എതിരായ പ്രമേയം പരിഗണിക്കും. അവിശ്വാസ പ്രമേയത്തിനുള്ള തീയതി നിശ്ചയിച്ചതോടെ കോർപ്പറേഷൻ ഭരണം പിടിക്കാനും നിലനിർത്താനും തന്ത്രം മെനഞ്ഞ് യു.ഡി.എഫും എൽ.ഡി.എഫും ക്യാമ്പുകൾ സജീവമാക്കി. സി.പി.എം. ജില്ലാനേതൃത്വവും ഡി.സി.സി നേതൃത്വവുമാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കെ.പി.സി.സി നേതൃത്വവും വിവരങ്ങൾ തേടുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ പ്രതിപക്ഷത്തുള്ള കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ച് നിന്നാൽ നിന്നാൽ മേയർ എം.കെ. വർഗീസിനെതിരായ വിധിയെഴുത്തുണ്ടാകും. പ്രതിപക്ഷത്ത് കോൺഗ്രസിന് 24 ഉം ബി.ജെ.പിക്ക് 6 ഉം ഉൾപ്പടെ 30 പേരാണുള്ളത്. 25 പേർ പിന്തുണച്ചാൽ അവിശ്വാസപ്രമേയം പാസാകുമെന്നിരിക്കെ കോൺഗ്രസും ബി.ജെ.പിയും വിഷയത്തിൽ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നത് കേരളം കാതോർക്കുകയാണ്. ഇരുപാർട്ടികളും രാഷ്ട്രീയമായി ഒന്നിച്ച് നിൽക്കാനുള്ള സാദ്ധ്യത വിരളമാണ്. ബി.ജെ.പി സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിറുത്തുമെന്നാണ് അറിയുന്നത്. അവിശ്വാസം പാസായശേഷം മറ്റ് കാര്യങ്ങൾ എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. തിരുവില്വാമലയിൽ ബി.ജെ.പിയെ അവിശ്വാസത്തിലൂടെ സി.പി.എം. പുറത്താക്കിയതിലുള്ള രാഷ്ട്രീയ തിരിച്ചടിക്കാണ് ബി.ജെ.പി നീക്കം. സി.പി.എമ്മിന് എതിരേ എവിടെ, ആര് അവിശ്വാസം കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാട്.

കക്ഷിനില

എൽ.ഡി.എഫ്-25

കോൺഗ്രസ്-24

ബി.ജെ.പി-06