ചാലക്കുടി: ലോക വനിതാ ദിനത്തിൽ പെണ്ണുങ്ങൾക്കായി വിനോദ യാത്രയൊരുക്കി ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോ. രാവിലെ 7.30ന് പുറപ്പെട്ട് വൈകീട്ട് 6ന് തിരിച്ചെത്തുന്ന ഉല്ലാസ യാത്രയ്ക്ക് 830 രൂപയാണ് ടിക്കറ്റ് നിരക്ക്. വാട്ടർ തീം പാർക്കിലെ ടിക്കറ്റ് ചാർജ്ജും ഇതിൽപ്പെടും. വണ്ടർലായിൽ വനിതകൾക്ക് മാത്രം പ്രവേശനവും അമ്പത് ശതമാനം മാത്രം ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടിയിൽ നിന്നുള്ള ബസിലെ കണ്ടക്ടറും വനിതയായിരിക്കും. സർക്കാർ ഓഫീസുകൾക്ക് അവധി ദിനമായ മാർച്ച് 12ന്്് വനിതകൾക്ക് മാത്രമായി ടൂറിസം ട്രിപ്പും ഒരുക്കിയിട്ടുണ്ട്. കാലടി പ്ലാന്റേഷൻ കൂടി ഇഞ്ചത്തൊട്ടിയിലേക്കുള്ള യാത്രയാണ് ഇക്കുറി വനിതകൾക്ക് മാത്രമായി മാറ്റുന്നത്. ഭൂതത്താൻകെട്ട് ഡാമിലെ ബോട്ടിംഗ് അടക്കം 690 രൂപയാണ് നിരക്ക്. ബസിൽ ഡ്രൈവറും കണ്ടക്ടറും വനികളാകും. അന്നുതന്നെ മലക്കപ്പാറയിലേക്കും വനിതകളുടെ യാത്ര ഒരുക്കുന്നുണ്ട്. ഇതിനകം യാത്രക്കാരിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടൂറിസം കോ-ഓർഡിനേറ്റർ ഡൊമിനിക്ക് പെരേര പറഞ്ഞു.