പുതുക്കാട്: പതിനെട്ടരക്കാവുകളിൽ പ്രസിദ്ധമായ കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി വേല ഉത്സവം 7 ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 3ന് നടതുറപ്പ്, ഉഷഃപൂജ, 7ന് ഭക്തിഗാനസുധ, 10ന് ശ്രീഭൂതബലി എന്നിവ ഉണ്ടാവും. ശിവേലി എഴുന്നള്ളിപ്പിന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അകമ്പടിയേകും. വൈകീട്ട് 4ന് പുറത്തേക്കെഴുന്നള്ളിപ്പും കാഴ്ച ശീവേലിയും കുനിശേരി അനിയൻ മാരാരുടേയും സംഘത്തിന്റേയും നേതൃത്വത്തിൽ പഞ്ചവാദ്യവും ഉണ്ടാവും. വൈകീട്ട് 6ന് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നന്തിക്കര മുല്ലക്കൽ പറയന്റെ പന്തൽ വരവും വിവിധ സമുദായക്കാരുടെ വേലകളിവരവും നടക്കും. തുടർന്ന് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം രാത്രി 7ന് തായമ്പക, 9ന് പുറത്തേക്കെഴുന്നള്ളിപ്പ് എന്നിവയുമുണ്ടാകുമെന്ന് ആഘോഷ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ പി.കെ. ശെൽവരാജ്, കൺവീനർ കെ.എസ്. ബിജു എന്നിവർ അറിയിച്ചു.