
തൃപ്രയാർ: ആറാട്ടു പുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് 10ന് നടക്കും. ഉച്ചയ്ക്ക് 2.44നും 3.30നും ഇടയിൽ കർക്കടകം രാശിയിലാണ് ചടങ്ങ്. ഊരായ്മക്കാർ കുളിച്ച് വന്ന് ക്ഷേത്ര മണ്ഡപത്തിലിരുന്ന് തേവരെ എഴുന്നള്ളിക്കാൻ അനുവാദം നൽകുന്നു.
തുടർന്ന് തൃക്കോൽ ശാന്തി ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് സേതുകുളത്തിൽ ആറാട്ടിനായി അഞ്ചാനകളോടെ സ്വർണ്ണക്കോലത്തിൽ തേവർ പുറപ്പെടും. ആറാട്ടിന് ശേഷം പാണ്ടിമേളത്തോടെ തിരിച്ചെഴുന്നള്ളും.
ക്ഷേത്രത്തിലെ മറ്റ് പൂജകൾക്ക് ശേഷം പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്ര ചുറ്റമ്പലത്തിനകത്തെ തീർത്ഥ കിണറ്റിൻകരയിൽ ചെമ്പിലാറാട്ട് നടക്കും. 11ന് വൈകീട്ട് തേവർ കാട്ടൂർ പൂരത്തിന് പുറപ്പെടും. 12ന് കാട്ടൂർ പൂരം കഴിഞ്ഞ് തിരിച്ചുവരുന്ന തേവർ കുറുപ്പിന്റെ പടിക്കൽ നിയമവെടിയും ഇല്ലത്തെ പറയും കഴിഞ്ഞ് പുത്തൻകുളത്തിൽ ആറാടും. തുടർന്ന് ബ്‌ളാഹയിൽ കുളത്തിൽ ആറാട്ട്. തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി നിയമവെടിക്ക് ശേഷം കുറുക്കൻ കുളത്തിൽ ആറാട്ടിന് പുറപ്പെടും. 13ന് ഉഷപൂജയ്ക്ക് ശേഷം വെന്നിക്കൽ അമ്പലത്തിൽ പറയെടുത്ത് കോതകുളത്തിൽ ആറാടും.
തുടർന്ന് പൈനൂർ പാടത്തെ ചാലുകുത്തൽ ചടങ്ങാണ്. വൈകീട്ട് രാമൻകുളം ആറാട്ടിനെത്തും. 14ന് തേവർ പള്ളിയോടത്തിൽ പുഴ കടക്കും. തുടർന്ന് നടക്കുന്ന കിഴക്കെനട പൂരവും പഞ്ചവാദ്യവും കഴിഞ്ഞ് ഊരായ്മക്കാരായ ചേലൂർ, പുന്നപ്പുള്ളി, ജ്ഞാനപ്പിള്ളി മനകളിലേക്ക് പുറപ്പെടും. 15ന് രാവിലെ ജ്ഞാനപ്പിള്ളി മന, കുന്നത്ത് മന പറകൾക്ക് ശേഷം കുട്ടൻകുളത്തിൽ ഇറക്കി പൂജ, ആറാട്ട് എന്നിവ നടക്കും.
വൈകീട്ട് സ്വർണ്ണക്കോലത്തിൽ പള്ളിയോടത്തിൽ അക്കരെ കടന്ന് തന്ത്രി ഇല്ലത്തേക്ക് എഴുന്നള്ളും. ഇല്ലത്തെ പൂജയ്ക്ക് ശേഷം ചെമ്പിലാറാട്ട്. തുടർന്ന് ആവണങ്ങാട്ട് കളരിയിലെ പറ സ്വീകരിച്ച് വിഷ്ണുമായ ഭഗവാനെയും കൂട്ടി മുരിയാംകുളങ്ങര ക്ഷേത്രം വഴി തിരിച്ചെത്തും. 16 ന് വൈകീട്ട് നിയമവെടിയും അത്താഴശിവേലിയും കഴിഞ്ഞ് ഭഗവാൻ സ്വർണ്ണക്കോലത്തിൽ പള്ളിയോടത്തിൽ ആറാട്ടുപുഴ പൂരത്തിന് പുറപ്പെടും. രാത്രി 9ന് ചിറയ്ക്കൽ സെന്ററിൽ ഇറക്കി എഴുന്നള്ളിക്കും.
17ന് തേവർ ഉത്രം വിളക്ക് ആഘോഷിക്കും. ആറാട്ടുപുഴ പൂരത്തിന് ശേഷം തിരിച്ചെത്തുന്ന തേവർ വെണ്ട്രാശ്ശേരിയിൽ എത്തുമ്പോൾ ഭക്തർക്ക് കഞ്ഞി നൽകും. ക്ഷേത്രത്തിൽ തിരിച്ചെത്തി ഉഷപൂജ കഴിഞ്ഞ് ഉത്രം വിളക്ക് വെച്ച് ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ശേഷം സേതുകുളത്തിൽ ആറാട്ട്. ആറാട്ട് കഴിഞ്ഞ് തിരിച്ചെത്തിയ തേവർ അകത്തേക്ക് എഴുന്നള്ളും. തുടർന്ന് അത്താഴ ശീവേലിയോടെ ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് സമാപനമാവും.