പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ കെ.പി. ആലിയെ തിരഞ്ഞെടുത്തു. പഞ്ചായത്ത് ഹാളിൽ ചേർന്ന തിരഞ്ഞെടുപ്പ് ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷയായി. ചാവക്കാട് സബ് രജിസ്ട്രാർ ഓഫീസർ വരണാധികാരി ആയിരുന്നു. 15 അംഗങ്ങളുള്ള ഭരണസമിതിയിൽ എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ മോഹനൻ വാഴപ്പിള്ളിക്ക് 4 വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ 2 മെമ്പർമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
എൽ.ഡി.എഫ്. ധാരണ പ്രകാരം സി.പി.ഐ പ്രതിനിധി രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സി.പി.എം മണലൂർ ഏരിയ കമ്മിറ്റി അംഗം, മുല്ലശ്ശേരി സർവീസ് സഹകരണ സംഘം പ്രസിഡന്റ്, കർഷക സംഘം മണലൂർ ഏരിയ പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന ആലി പത്ത് വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. 2005-10 കാലഘട്ടത്തിൽ കെ.പി.ആലി വൈസ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് സംസ്ഥാനത്തെ ഏറ്റവും നല്ല ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുന്നത്.
തിരഞ്ഞെടുപ്പിനു ശേഷം നടന്ന അനുമോദന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. ഹുസൈൻ, ഗീത ഭരതൻ, എ.ആർ. സുഗണൻ, ക്ലമന്റ് ഫ്രാൻസിസ്, മോഹനൻ വാഴപ്പുള്ളി തുടങ്ങിയവർ അനുമോദിച്ചു.