ആദ്യ ഘട്ടത്തിൽ രണ്ട് പാക്കേജ്. ആരംഭം ഞായറാഴ്ച മുതൽ

ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര പാക്കേജ് ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററിൽ നിന്ന് ആരംഭിക്കുന്നു. മൂന്നാറിലേക്കും, കൊടുങ്ങല്ലൂർ മുസ്‌രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പെരിയാറിലൂടെയുള്ള ബോട്ട് യാത്രയുമാണ് ഉല്ലാസയാത്രയിൽ ഒരുക്കിയിട്ടുള്ളത്.

ഞായറാഴ്ച മുതലാണ് സർവീസ് ആരംഭിക്കുന്നത്. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്തുന്ന തരത്തിലാണ് മൂന്നാർ യാത്ര ഒരുക്കുന്നത്.

ചാലക്കുടി വഴി കോതമംഗലം, ഭൂതത്താൻകെട്ട്, തൂക്കുപാലം, തട്ടേക്കാട്, കുട്ടംപുഴ, പൂയംകുട്ടി, മാമലക്കണ്ടം, പിയപ്പാറ, വാളറ, ലക്ഷ്മി എസ്റ്റേറ്റ്, മാങ്കുളം, പെരുമ്പൻകുത്ത് വെള്ളച്ചാട്ടം, അണ്ണാകുളം, കല്ലാർ എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക.

ഭക്ഷണമടക്കം 850 രൂപയാണ് ടിക്കറ്റ് നിരക്ക്. പെരിയാറിലൂടെയുള്ള എ.സി ബോട്ട് യാത്ര ഉൾപ്പെടുത്തിയുള്ള കൊടുങ്ങല്ലൂർ മുസ്‌രിസ് പൈതൃക യാത്ര രാവിലെ 9ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെട്ട് വൈകിട്ട് ആറിന് തിരിച്ചെത്തും. കൊടുങ്ങല്ലൂർ ചേരമാൻ പള്ളി സന്ദർശിച്ച്‌ കോട്ടപ്പുറത്ത് എത്തിയതിന്‌ ശേഷം പെരിയാറിലൂടെ എ.സി ബോട്ടിലാണ് യാത്ര. പാലിയം കൊട്ടാരം, നാലുകെട്ട്, ഗോതുരുത്ത് ചവിട്ടുനാടകക്കളരി, കോട്ടപ്പുറംകോട്ട, അഴീക്കോട് മാർത്തോമ പള്ളി, മുനയ്ക്കൽ ഡോൾഫിൻ ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക. ഒരാൾക്ക് 850 രൂപയാണ് നിരക്ക്. ഫോൺ: 0480 -2823990, 9745459385. ഉല്ലാസയാത്ര പാക്കേജിനുള്ള അനുമതി ലഭിച്ചതായും, ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.