poultry-food

തൃശൂർ: കേരളത്തിലെയും തമിഴ്നാട്ടിലെയും കോഴിത്തീറ്റ ഉല്പാദനത്തെയും ബാധിച്ചിരിക്കുകയാണ് യുക്രെയിനിലെ റഷ്യൻ അധിനിവേശം.

തീറ്റ നിർമ്മാണത്തിനാവശ്യമായ സൂര്യകാന്തിയിൽ നിന്നുള്ള ഡീ ഓയിൽഡ് കേക്ക് (എണ്ണ എടുത്തതിന് ശേഷമുള്ളത് ), സോയ എന്നിവ യുക്രെയിനിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.
ഇറക്കുമതി നിലച്ചതോടെ തീറ്റക്കമ്പനികൾ ഉൽപാദനം പകുതിയാക്കി. തീറ്റവില കൂട്ടേണ്ടിയും വന്നു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും കോഴിഫാമുകൾ പലതും പൂട്ടി. പുതിയ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെങ്കിൽ കോഴിവില ഇനിയും കുതിക്കുമെന്നും ഉൽപാദകർ പറയുന്നു.

സോയ, ചോളം, ജോവർ, ബജ്ര, ഗോതമ്പ്, ഡീ ഓയിൽഡ് കേക്ക്, എണ്ണ, അമിനോ ആസിഡുകൾ എന്നിവ ചേർത്താണ് തീറ്റയുണ്ടാക്കുന്നത്. യുക്രെയിൻ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് തൂത്തുക്കുടി, വിശാഖപട്ടണം തുറമുഖങ്ങൾ വഴിയാണ് ഇവ വന്നിരുന്നത്. കോഴിയുടെ ഭാരം കൂടാനുള്ള പ്രോട്ടീൻ കൂടുതലും ലഭിക്കുന്നത് ചോളത്തിൽ നിന്നാണ്. പകരം ഉപയോഗിക്കുന്ന ധാന്യങ്ങളുടെ വിലയും കൂടി. കൊവിഡ് സാഹചര്യം പൂർണ്ണമായും മാറാത്തതിനാൽ ചൈനയിൽ നിന്നുള്ള അമിനോ ആസിഡിന്റെ വരവും സുലഭമല്ല.

ചോളക്കൃഷി കുറഞ്ഞു

തമിഴ്‌നാട്ടിലെ കർഷകർ ചോളം കൃഷിയിൽ നിന്ന് നെൽക്കൃഷിയിലേക്ക് തിരിഞ്ഞതും തിരിച്ചടിയായി. വെയിൽ കുറവായതിനാൽ ബീഹാറിൽ വിളവെടുപ്പ് നീളുന്നത് അവിടെ നിന്ന് ചോളമെത്തുമെന്ന പ്രതീക്ഷയ്ക്കും മങ്ങലേൽപ്പിച്ചു.

വില

(കിലോഗ്രാമിന്)

ഒരു മാസം മുമ്പ് ഇപ്പോൾ

ഗോതമ്പ്..............................17............................25

സോയ..................................60............................74

എണ്ണ...................................100..........................140

ചോളം................................. 18..............................24

മാസത്തിൽ 3,000 ടൺ കോഴിത്തീറ്റ ഉല്പാദിപ്പിച്ചിരുന്നു. ഇപ്പോൾ 1,500 ആക്കി. ആഴ്ചയിൽ മൂന്നു ദിവസമേ പ്രവർത്തിക്കുന്നുള്ളൂ.

സിജിൽ

ന്യൂട്രല്ല ഫീഡ് ഉടമ.