 
ചേർപ്പ്: ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമ്മാണം നടത്തിയ ചേർപ്പ് - പെരുമ്പിള്ളിശ്ശേരി റൂട്ടിൽ റോഡ് ഉയർത്തിയ ഭാഗങ്ങളിൽ അപകടം പതിയിരിക്കുന്നു. റോഡ് ഉയർന്നും നടപ്പാത താഴെ നിൽക്കുന്നതുമാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ചിലയിടങ്ങളിൽ ആളുകളും വാഹനങ്ങളും റോഡിന്റെ ഉയരം കൂടിയ ഭാഗത്ത് നിന്ന് തെന്നിവീണ് അപകടമുണ്ടായതായും പറയുന്നു.
രണ്ട് അടിയിലധികം ഉയരത്തിലാണ് റോഡിന്റെ പാർശ്വ ഭാഗങ്ങൾ നിൽക്കുന്നത്. ഇത് മൂലം ഇരുചക്ര വാഹനങ്ങൾക്കും, ആളുകൾക്കും റോഡിൽ നിന്ന് നടപ്പാതയിലേക്ക് ഇറങ്ങുന്ന അവസ്ഥ സാഹസികമാണ്. കാറുകളും മറ്റും ഇതിലേ റോഡിലേക്ക് പ്രവേശിക്കുമ്പോൾ അടിഭാഗം തട്ടുന്ന സ്ഥിതിയാണ്. റോഡിന്റെ അമിത ഉയർച്ച മൂലം കടകൾക്ക് മുമ്പിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും കഴിയുന്നില്ല.
പലയിടങ്ങളിലും റോഡിന് അരികിലെ മെറ്റൽ അടർന്ന നിലയിലുമാണ്. ഇത്തരം സ്ഥലങ്ങളിൽ ഉയർന്ന് നിൽക്കുന്ന ഭാഗം റോഡിന് സമാന്തരമായി ക്രമീകരിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.