yuvavu
ഗ്രിൽ റോളറിനിടയിൽ കാൽ കുടുങ്ങിയ യുവാവ്‌.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിലെ

കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറ് വശത്തെ ഗെയ്റ്റിനു താഴെ സ്ഥാപിച്ചിട്ടുള്ള ഗ്രിൽ റോളറിനിടയിൽ യുവാവിന്റെ കാൽ കുടുങ്ങി വീണ്ടും അപകടം.

വെസ്റ്റ് ബംഗാൾ സ്വദേശിയായ സമർ ബേറ (25) യുടെ കാലാണ് കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

സമീപത്തെ കർണകി ഫ്ലവേഴ്‌സിലെ തൊഴിലാളിയാണ് സമർ ബേറ. കടയിൽ നിന്ന് ചില സാധാനങ്ങൾ വാഹനത്തിൽ കയറ്റുന്നതിനിടയിൽ ഗ്രിൽ റോളറിനിടയിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു.

വലിച്ച് ഊരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്ന് ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. 20 മിനിറ്റോളം കുടുങ്ങി കിടന്ന യുവാവിനെ ഫയർഫോഴ്‌സ് എത്തി ഹൈഡ്രോളിക്ക് കോമികട്ടർ ഉപയോഗിച്ച് പൈപ്പുകൾ അകത്തി കാൽ പുറത്തെടുക്കുകയായിരുന്നു.

ഇത് നാലാമത്തെ തവണയാണ് ഇത്തരത്തിൽ അപകടമുണ്ടാകുന്നത്. കഴിഞ്ഞ ഫെബ്രുവരി പത്തിന് അമ്മയോടൊപ്പം നടന്നു പോകുന്നതിനിടയിൽ ലോകമലേശ്വരം പറപ്പുള്ളി കാരേക്കാട്ട് പരേതനായ സോമന്റെ മകൾ ഷിഖ (12) യെന്ന ഏഴാം ക്ലാസുകാരിയുടെ കാൽ കുടുങ്ങിയിരുന്നു.

താലൂക്ക് ആശുപത്രിയിൽ നിരവധിയാളുകൾ വന്നു പോകുന്ന ഗെയ്റ്റിലാണ് കാനക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രിൽ റോളർ അപകടക്കെണിയായി നിൽക്കുന്നത്.

സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അജിത്ത് കെ.എസ്, രഞ്ജിത്ത് എം.ആർ, അമൽജിത്ത്, സഞ്ജു എസ്. പ്രിൻസ്, രഞ്ജിത്ത് കൃഷ്ണൻ, വിഷ്ണു ജയചന്ദ്രൻ എന്നിവർ ചേർന്നാണ് യുവാവിന്റെ കാൽ പുറത്തെടുത്തത്.