തിരുവില്വമല: സംസ്ഥാനത്ത് വീടിന് അർഹരായ അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് വച്ചു നൽകാൻ സന്നദ്ധരായ വ്യക്തികളുടെയും സംഘടനകളുടെയും പിന്തുണ വേണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സർക്കാർ മാത്രമായി വീട് നിർമിച്ചു നൽകുക എന്നത് പലപ്പോഴും പ്രായോഗികമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
തിരുവില്വാമലയിൽ 15-ാം വാർഡിൽ, പത്തനംതിട്ട സ്വദേശിയും രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാര ജേതാവുമായ എം.എസ്. സുനിൽ നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പുതനക്കര പൂക്കോട്ടുതൊടി ജയപ്രകാശിന്റെയും സത്യഭാമയുടെയും മക്കളും തിരുവില്വാമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ ഇരട്ട സഹോദരങ്ങളുമായ അപർണയ്ക്കും അപ്‌സരയ്ക്കും ശോചനീയവസ്ഥയിൽ കഴിഞ്ഞിരുന്ന ചക്കച്ചങ്ങാട് അടിക്കാട്ടിൽ ബിന്ദു കൃഷ്ണൻകുട്ടി ദമ്പതികൾക്കുമാണ് എം.എസ്. സുനിൽ വീടുകൾ നിർമിച്ചു നൽകിയത്.
അപർണയെയും അപ്‌സരയെയും അനുമോദിക്കാൻ ഇവരുടെ വീട്ടിൽ സ്‌കൂൾ അദ്ധ്യാപകർ എത്തിയേപ്പോഴാണ് വീടിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാർത്തയായതിനെ തുടർന്ന് സുനിൽ വീട് നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ബിന്ദു - കൃഷ്ണൻകുട്ടി ദമ്പതികളും ഇവരുടെ മൂന്ന് പെൺമക്കളും ഇഴജന്തുക്കളുടെ ശല്യമുള്ള വീട്ടിലാണ് കഴിയുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർക്കും വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചു.
വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസിനു വേണ്ടി ജോൺ, നിത എന്നിവരാണ് ഈ വീടുകൾ എം.എസ്. സുനിലിനായി സ്‌പോൺസർ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, വാർഡ് മെമ്പർ രാമചന്ദ്രൻ, ടി.പി. രവികുമാർ എന്നിവർ പ്രസംഗിച്ചു. തിരുവില്വാമല സ്‌നേഹക്കൂട്ടായ്മയുടെ ഉപഹാരം എം.എസ്. സുനിലിന് മന്ത്രി കൈമാറി.