
തൃശൂർ: പ്രളയത്തെയും സുനാമിയെയുമെല്ലാം പ്രതിരോധിക്കാനും ടൂറിസം മേഖലയുടെ വളർച്ചയെ സഹായിക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്തെ ജലാശയങ്ങളുടെ തീരങ്ങളിൽ ആയിരക്കണക്കിന് കണ്ടൽച്ചെടികൾ വേരുറയ്ക്കും. പരിസ്ഥിതി പ്രവർത്തകനും, പ്രാദേശിക കർഷകനുമായ പി.വി.ദിവാകരന്റെ നേതൃത്വത്തിലുള്ള കാസർകോട് ജില്ലയിലെ ജീവനം പദ്ധതിയുമായി ചേർന്നാണ് ഹരിതകേരളം മിഷൻ ഈ കണ്ടൽ നട്ടുപിടിപ്പിക്കുന്നത്.
അറുനൂറോളം ചെടികൾ നട്ടുപിടിപ്പിച്ചുകഴിഞ്ഞു. പഞ്ചായത്തുകൾ സന്നദ്ധമായാൽ കൂടുതൽ ചെടികൾ വെച്ചുപിടിപ്പിക്കാനാകും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് നട്ടുപിടിപ്പിക്കുന്നത്. പഞ്ചായത്തുകൾക്ക് ഇതിനായി പ്രത്യേകം പണം ചെലവഴിക്കേണ്ടി വരുന്നുമില്ല.
ഒഴുകുന്ന ജലാശയങ്ങൾക്ക് സമീപം കരയോട് ചേർന്നാണ് നടുന്നത്. അഴിമുഖപ്രദേശങ്ങളിലും തോടുകളിലും പുഴയോരങ്ങളിലും കണ്ടൽ വളരും. ഉപ്പുരസമുള്ള വെള്ളമാണെങ്കിലും വളരും. പുന്നയൂർ പഞ്ചായത്തിൽ നടന്ന ജില്ലാതല ഉദ്ഘാടനം എൻ.കെ.അക്ബർ എം.എൽ.എ കഴിഞ്ഞദിവസം നിർവഹിച്ചിരുന്നു. അഞ്ചോ ആറോ മാസം കൊണ്ട് സംസ്ഥാനത്ത് കണ്ടൽച്ചെടികൾ വ്യാപകമാക്കാൻ കഴിയുമെന്നാണ് ഹരിതകേരളത്തിന്റെ പ്രതീക്ഷ.
സംസ്ഥാനത്ത് ലക്ഷ്യമിടുന്നത് : ഒരു ലക്ഷത്തോളം തൈകൾ
നടുന്ന ചെടികളുടെ ഉയരം: ഒരു മീറ്റർ.
മത്സ്യകൃഷിക്കും ടൂറിസത്തിനും
ജലശുദ്ധീകരണത്തിനൊപ്പം മത്സ്യം തുടങ്ങിയ ചെറുജീവികളുടെ ആവാസ വ്യവസ്ഥയ്ക്കും കണ്ടൽ ഗുണകരമാണ്. വിദേശികളെ ആകർഷിക്കുന്ന രീതിയിലുള്ള ഇതിന്റെ പുഷ്പങ്ങൾ ഒഴുകുന്ന ജലത്തിൽ തട്ടി നിൽക്കുന്നത് സുന്ദരമായ കാഴ്ചയാണ്. കണ്ടലിന്റെ ഇടയിലൂടെ ബോട്ടിംഗും നടത്താം. ജലപക്ഷികളും ദേശാടനപക്ഷികളും വർദ്ധിക്കും. ഇതുവഴി ടൂറിസം മേഖലയായി ഈ പ്രദേശങ്ങൾ മാറ്റിയെടുക്കാനും കഴിയും .
ദിവാകരന്റെ സ്വന്തം കണ്ടലുകൾ
കണ്ടലിന്റെ പച്ചത്തുരുത്തുകൾ സ്വപ്നം കാണുന്ന പി.വി.ദിവാകരനാണ് സൗജന്യമായി കണ്ടൽച്ചെടികൾ നൽകുന്നത്. കാസർകോട് നീലേശ്വരം സ്വദേശിയായ ദിവാകരൻ, എല്ലാ ജില്ലകളിലും തുരുത്തുകൾ തുടങ്ങാനുള്ള മോഹം ഹരിതകേരളം മിഷനെ അറിയിക്കുകയായിരുന്നു. ഒരു ലക്ഷത്തോളം കണ്ടൽ തൈകൾ ദിവാകരന്റെ പക്കലുണ്ട്. ഈ ചെടിക്ക് ഗുണമേന്മയും ഏറെയെന്ന് ഹരിതകേരളമിഷൻ അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
സവിശേഷതകൾ
ശിഖരങ്ങളിൽ നിന്നും മണ്ണിൽ താണിറങ്ങുന്ന താങ്ങുവേരുകൾ മണ്ണിൽ പിടിച്ചുനിൽക്കാൻ സഹായകം.
വേലിയേറ്റത്തെയും കടലാക്രമണങ്ങളെയും മണ്ണൊലിപ്പിനെയും മലിനീകരണത്തെയും ഫലപ്രദമായി തടയുന്നു.
സൂര്യപ്രകാശത്തിന് നേരെ വളരുന്ന സൂചിവേരുകൾ അന്തരീക്ഷത്തിൽ നിന്നും ഓക്‌സിജൻ വലിച്ചെടുത്തുപയോഗിക്കും
സൂചിവേരുകളിലുള്ള ധാരാളം വായു അറകൾ ജലത്തിനുമുകളിൽ തുറന്നിരുന്ന് വായുലഭ്യത കൂട്ടുന്നു
ഉപ്പുവെള്ളത്തിലും വളരുന്നതിനാൽ കായലോരങ്ങളിലെ ഉപ്പിന്റെ അംശം നല്ലതോതിൽ കുറയ്ക്കുന്നു
തുടർപരിപാലനം ആവശ്യമില്ലാത്ത ചെടി കൂടിയാണ് കണ്ടൽ. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് കണ്ടൽച്ചെടി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പി.എസ്.ജയകുമാർ
ജില്ലാ കോർഡിനേറ്റർ
ഹരിതകേരളം മിഷൻ.