pantam

തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് മാർച്ച് 10ന്. തുടർന്നുള്ള എട്ട് ദിവസങ്ങളിൽ രാത്രി കാലത്തെ ഗ്രാമപ്രദക്ഷിണത്തിലും ആറാട്ടുപുഴ പൂരം കൂട്ടി എഴുന്നള്ളിപ്പിലും തേവർക്ക് പന്തം തെളിക്കും. അതിനായി പതിവുപോലെ വടക്കുംമുറി കുട്ടംകുളം ദേശത്ത് ഊരോത്ത് സോമനും സഹായി തൊട്ടിപറമ്പിൽ ശരത്തും പന്തങ്ങളുടെ നിർമ്മാണം ആരംഭിച്ചു. രാത്രി എഴുന്നള്ളിപ്പിന്റെ വർണ്ണക്കാഴ്ച പകരുന്നതാണ് പന്തങ്ങളുടെ ഭംഗി.

ഒറ്റപ്പന്തം, ആറ് പന്തം, എട്ട് പന്തം എന്നിങ്ങനെയാണ് നിർമ്മാണം. പന്തം നാഴിയിൽ നനച്ച് ഉണക്കിയ കോട്ടൺ തുണി ചുറ്റി പുറത്ത് വെളുത്ത മൽമൽ തുണി ചുറ്റിയാണ് തയ്യാറാക്കുക. എണ്ണ ചാലിച്ച് നനച്ച പന്തത്തിൽ തിരികൊളുത്തും. തുടർന്ന് തേവരുടെ കോലമേന്തിയ ആനയുടെ മുൻപിൽ സോമനും ശരത്തും സഹായികളും രാത്രി മുഴുവൻ പകൽവെളിച്ചം കാണുന്നത് വരെ പന്തമേന്തും. ഇതിവർക്ക് ജോലിയല്ല, മറിച്ച് സമർപ്പണമാണ്.

തേവരുടെ ആറാട്ടുപുഴ പാടത്തേക്കുള്ള യാത്രയിൽ ചിറക്കൽ കഴിഞ്ഞാൽ പിന്നെ 8 പന്തമാണ് തോളിലേറ്റേണ്ടത്. അൽപ്പം കാഠിന്യമേറിയതാണിത്. നടത്തം എട്ട് കിലോമീറ്റർ നീളും. ഇപ്പോൾ എട്ട് പന്തമേന്തുന്നത് ശരത്താണ്. പന്തമേന്തുമ്പോൾ ഒരു ക്ഷീണവും ഇക്കാര്യത്തിൽ തോന്നാറില്ലെന്ന് ശരത്ത് പറയുന്നു. നൂറ്റാണ്ടുകളായി പൂർവികർ ചെയ്തു വന്നിരുന്ന ഈ പ്രവൃത്തി ഇവരും തുടരുന്നു. ഒരിക്കലും ഈ അവകാശം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സോമനും ശരത്തും പറഞ്ഞു.