
കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ മുന്നോടിയായുള്ള ചെറുഭരണിക്ക് ഇന്ന് കൊടിയേറും. മാർച്ച് 28ന് കോഴിക്കല്ലു മൂടലും ഏപ്രിൽ മൂന്നിന് അശ്വതി കാവു തീണ്ടലും നാലിന് ഭരണി ഉത്സവവും 10ന് നടതുറപ്പും നടക്കും. കുംഭമാസത്തിലെ ഭരണി നാളായ ഇന്ന് രാവിലെ എട്ടോടെ അവകാശികളായ കാവിൽ വീട്ടിൽ ആനന്ദനും കൃഷ്ണകുമാറും ചേർന്നാണ് ചടങ്ങുകൾ നിർവഹിക്കുന്നത്. ഇതിനായി ക്ഷേത്രത്തിലേക്ക് വരുമ്പോൾ ധരിക്കുന്നതിന് സ്വർണ്ണം കെട്ടിയ പവിഴമാലയും സ്വർണമാലയും അവകാശികളായ കാവിൽ വീട്ടുകാർക്ക് വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ ഇന്നലെ രാവിലെ കൈമാറി. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ എം.ആർ മിനി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റം.
119 പേർക്ക് കൂടി കൊവിഡ്
തൃശൂർ: ഞായറാഴ്ച്ച 119 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 76 പേരും വീട്ടു നിരീക്ഷണത്തിലുള്ള 1085 പേരും ചേർന്ന് 1280 പേരാണ് ആകെ രോഗബാധിതരായത്. 212 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,67,288 ആണ്. 6,61,142 പേരാണ് ആകെ രോഗമുക്തരായത്.