വടക്കാഞ്ചേരി: പാലക്കാട് ഉമ്മിനിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ കണ്ടെത്തി, രണ്ട് മാസത്തോളം ഫോറസ്റ്റ് വെറ്ററിനറി ക്ലിനിക്കിൽ പരിചാരകരുടെ ശുശ്രൂഷയിൽ കഴിഞ്ഞിരുന്ന കുഞ്ഞിപ്പുലി ഒടുവിൽ അമ്മപ്പുലിയെ കാണാനാവാതെ യാത്രയായി. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു ചത്തത്. മലബന്ധത്തെ തുടർന്നുണ്ടായ അസ്വസ്ഥതകളും ആന്തരികരക്തസ്രാവവുമാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. കഴിഞ്ഞ നാലു ദിവസമായി മലബന്ധമുണ്ടായിരുന്നു. ഇതിനിടെ രക്തസ്രാവവുമുണ്ടായി. ശരീരഭാരവും പെട്ടെന്ന് കുറഞ്ഞു. ഇന്നലെ തീറ്റയുമെടുത്തില്ല.
വളർത്തുമൃഗങ്ങൾക്ക് നൽകുന്ന ഏറെ ഗുണമേന്മയുള്ള പാൽപ്പൊടിയാണ് നൽകിയത്. ആന്തരിക രക്തസ്രാവമാകാമെന്നാണ് കരുതുന്നതെന്നും ഇന്ന് മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്നുള്ള വിദഗ്ദ്ധരെത്തി പോസ്റ്റ് മോർട്ടം നടത്തുന്നതോടെ മരണകാരണം വ്യക്തമാകുമെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. ഡേവിഡ് എബ്രഹാം കേരളകൗമുദിയോട് പറഞ്ഞു. ജനുവരി പതിമൂന്നിനായിരുന്നു പുലിക്കുട്ടിയെ അകമലയിലെ ക്‌ളിനിക്കിലെത്തിച്ചത്. അന്ന് രണ്ടാഴ്ചയായിരുന്നു പ്രായം. എല്ലാ സൗകര്യങ്ങളും ക്‌ളിനിക്കിൽ ഒരുക്കി. ഡോക്ടറെ കൂടാതെ, കരയുമ്പോഴൊക്കെ മടിയിലിരുത്തി ലാളിക്കാനും കുപ്പിപ്പാൽ നൽകാനും വെറ്ററിനറി സർവകലാശാലയിൽ നിന്ന് പരിശീലനം ലഭിച്ച രണ്ട് പരിചാരകരെയും നിയോഗിച്ചിരുന്നു. ക്ലിനിക്കിൽ എത്തിക്കുമ്പോൾ അവശനായിരുന്ന പുലിക്കുട്ടി പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്തു.
ആദ്യദിനങ്ങളിൽ ഇണങ്ങാൻ വലിയ പാടായിരുന്നു. കൈയിൽ പ്രത്യേകതരം ഗ്‌ളൗസും വസ്ത്രവും ധരിച്ചായിരുന്നു പരിപാലിച്ചിരുന്നത്.
പുലിപ്പാൽ ലഭ്യമല്ലാത്തത് കാരണം പ്രസവിച്ചതിന് ശേഷമുള്ള ആദ്യത്തെ മൂന്നാഴ്ച പുലിക്കുഞ്ഞിന്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണമെന്നതിനാൽ അതീവ കരുതലോടെയായിരുന്നു പരിചരണം. അമ്മപ്പുലിക്ക് കൊണ്ടുപോകാൻ സഹായകമായ വിധം കൊണ്ടുവെയ്ക്കാൻ വനംവന്യജീവി വിഭാഗം മേധാവിയുടെ പ്രത്യേക ഉത്തരവ് ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു അധികൃതർ. കുഞ്ഞിപ്പുലികളെ വച്ച് തള്ളപ്പുലിയെ പിടിക്കാൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും ഒരു കുഞ്ഞിനെ മാത്രമാണ് എടുത്തുകൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ എടുക്കാനായി പുലി വരാതിരുന്നതോടെയാണ് സംരക്ഷണം വനം വകുപ്പ് ഏറ്റെടുത്തത്.