jarena

പുതുക്കാട് : ആകാംക്ഷയുടെ ദിനങ്ങൾ ബങ്കറിൽ തള്ളിനീക്കി ഒടുവിൽ യുക്രെയിനിൽ നിന്നും വീട്ടിലെത്തിയ വളഞ്ഞൂപ്പാടം തോട്ടൻ ബാബുവിന്റെ മകൾ ജെറീനയ്ക്ക് എംബസി ഉദ്യോഗസ്ഥരുടെ സേവനത്തെയും പരിചരണത്തെയും പറ്റി പറയാൻ നൂറു വാക്ക്. അഞ്ച് ദിവസം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും ഇടയ്ക്കിടെ ബങ്കറിലുമായാണ് കഴിഞ്ഞത്.
കീവിലെ താരഷെവൻ കൊ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ജെറീന. യൂണിവേഴ്‌സിറ്റിക്ക് ചുറ്റും യുക്രെയിൻ പട്ടാളം കാവൽ നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു ദിവസം വൈകിട്ട് ഏഴിന് എംബസിയുടെ അറിയിപ്പ് വരുന്നു. രാത്രി പത്തിന് മുമ്പ് ഹോസ്റ്റലിൽ നിന്നും പുറത്തു കടക്കണമെന്നും, സ്ലോവാക്യയുടെ അതിർത്തിയിലേക്ക് എത്താനും ആവശ്യപെട്ടു.
ഉടനെ ഇരുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനായ ഓക്‌സലനയിലേക്ക് ബസിൽ തിരിച്ചു.
സ്റ്റേഷനിലെത്തിയെങ്കിലും ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയിൻ പട്ടാളം ട്രെയിനിൽ കയറ്റാൻ അനുവദിച്ചില്ല. രണ്ട് ദിവസമാണ് റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടിയത്. ഒടുവിൽ പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് വിദ്യാർത്ഥികൾ ട്രെയിനിൽ കയറി. കടുത്ത മഞ്ഞ് മൂലം ട്രെയിനിന്റെ വേഗത കുറവായിരുന്നു. സ്ലോവാക്യയുടെ അതിർത്തിയിൽ നിന്നും 240 കി.മീറ്റർ മാറിയുള്ള റാക്കിൽ സ്റ്റേഷൻ വരെ മാത്രമാണ് ട്രെയിൻ സർവീസുള്ളത്. 16 മണിക്കൂർ യാത്ര ചെയ്താണ് വിദ്യാർത്ഥികൾ റാക്കിൽ സ്റ്റേഷനിലെത്തിയത്. വിദ്യാർത്ഥികൾ ട്രെയിനിൽ പരിചയപെട്ട യുക്രെയിൻ സ്വദേശിയായ ഒരു പാസ്റ്റർ അതിർത്തിയിലേക്ക് പോകാൻ ബസ് എർപെടുത്തി കൊടുത്തു. ഇന്ത്യയിൽ മെഷിനറി പ്രവർത്തനം നടത്തിയിട്ടുള്ള പാസ്റ്റർക്ക് ഹിന്ദി അറിയുന്നതിനാൽ കാര്യങ്ങൾ എളുപ്പമായി. അതിർത്തിയിലെത്തി നടപടികൾ പൂർത്തിയായതോടെ പിന്നെ എല്ലാം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായി.
കോസിയ എയർപോർട്ടിനടുത്ത് സ്റ്റാർ ഹോട്ടലിൽ രണ്ട് ദിവസം താമസിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷം കോസിയ എയർപോർട്ടിൽ നിന്നും ഡൽഹിയിലേക്ക് എഴ് മണിക്കൂർ യാത്ര. എയർപോർട്ടിൽ നിന്നും കേരള ഹൗസിലേക്ക്. അവിടെയും എംബസി ഉദ്യോഗസ്ഥരുടെ പരിചരണം മറക്കാനാകാത്തതാണെന്ന് ജെറീന പറയുന്നു. നെടുമ്പാശേരിയിൽ എത്തിയപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ മാതാപിതാക്കളെത്തിയിരുന്നു. തുടർ പഠനത്തിന് പോളണ്ടിൽ അവസരം ഒരുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും ജെറീനയ്ക്കുണ്ട്.