ചാലക്കുടി: മലയാളികൾ നെഞ്ചോട് ചേർത്തിയ കലാകാരൻ കലാഭവൻ മണിയുടെ ആറാം ചരമദിനം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആചരിച്ചു. നഗരസഭയും കലാഭവൻ മണി അനുസ്മരണ സമിതിയും ചേർന്ന് ചേനത്തുനാട് മണിക്കൂടാരത്തിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പുഷ്പാർച്ചന. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർമാൻ സിന്ധു ലോജു, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ആർ.എൽ.വി. രാമകൃഷ്ണൻ, കലാഭവൻ ജയൻ തുടങ്ങിയവർ പങ്കെടുത്തു. നൂറ് കണക്കിനാളുകളും ബാഷ്പാഞ്ജലി അർപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആരാധകർ എത്തിച്ചേർന്നു. മണിയോടുള്ള ആദരസൂചകമായി പുഴയോട് ചേർന്നുള്ള പാഡിയിലും ഇവരെത്തി സ്മരണകൾ അയവിറക്കി.

മണിയോടുള്ള ആദരമായി ചാലക്കുടി സൗത്ത് ജംഗ്ഷനിലെ ആട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ മണിയുടെ നാമത്തിലുള്ള സ്റ്റാൻഡിൽ പുഷ്പാർച്ചനയും അന്നദാനവും ഒരുക്കിയിരുന്നു. രാവിലെ നടന്ന ചടങ്ങിൽ ഛായാചിത്രത്തിന് മുന്നിൽ ആർ.എൽ.വി രാമകൃഷ്ൺ ദീപം തെളിച്ചു. മണിയുടെ ഗാനങ്ങൾ ഇരമ്പിയ അന്തരീക്ഷത്തിൽ നടന്ന അന്നദാനത്തിൽ നൂറു കണക്കിന് ആളുകളെത്തി. പാഷാണം ഷാജിയും അന്നദാനത്തിന് എത്തിയിരുന്നു.

കലാഭവൻ മണി ഫാമിലി ട്രസ്റ്റ്, പുരോഗമന കലാ സാഹിത്യ സംഘം, താലൂക്ക് ലൈബ്രറി കൗൻസിൽ, പട്ടികജാതി ക്ഷേമസമിതി, ഫെയ്‌സ് എന്നീ സംഘടനകൾ സംയുക്തമായി കലാഭവൻ മണി അനുസ്മരണം സംഘടിപ്പിച്ചു. ചേനത്തുനാട്ടിലെ രാമൻ സ്മാരക കലാഗൃഹത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി.

സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ശ്രീരേഖ, ദളിത് ആദിവാസി പ്രവർത്തകനും, നാടൻപാട്ട് കലാകാരനുമായ മണികണ്ഠൻ വയനാട് എന്നിവരെ ആദരിച്ചു. ചലച്ചിത്ര താരം ഷാജു നവോദയ (പാഷാണം ഷാജി) ഉപഹാരം സമർപ്പിച്ചു. ഫെയ്‌സ് സംഘടിപ്പിച്ച മിമിക്രി മത്സരത്തിലെ വിജയികളെ ചലച്ചിത്ര താരം കുളപ്പുള്ളി ലീല ആദരിച്ചു. കെ.എസ്. അശോകൻ, മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ, ഇ.സി. സുരേഷ്, സി.എസ്. സുരേഷ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.ഡി. പോൾസൻ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി പി.സി. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് കൗൺസിലർ ദീപു ദിനേശ്, ബിജു ചാലക്കുടി, ജോബി കലാഭവൻ, ഡോ. ആർ.എൽ.വി രാമകൃഷണൻ, എ.ആർ. ശ്രീഹരി എന്നിവർ സംസാരിച്ചു.